India Kerala

10 വര്‍ഷത്തെ വരവ് ചെലവ് കണക്കിന്‍റെ ഫ്ലോ ചാര്‍ട്ട്, 10 ദിവസത്തിനകം ഹാജരാക്കണമെന്ന് കെ.എം ഷാജിയോട് ഇ.ഡി

10 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഫ്ലോചാര്‍ട്ടാക്കി നല്‍കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കെ. എം ഷാജിയോട് ആവശ്യപ്പെട്ടു. പണം എപ്പോള്‍ വന്നു, ആരാണ് അയച്ചത്, എന്തിന് വേണ്ടി ചെലവാക്കി എന്ന വിവരങ്ങളാണ് ഫ്ലോ ചാര്‍ട്ട് രൂപത്തില്‍ നല്‍കേണ്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനിടെ 19 രേഖകള്‍ കെ. എം ഷാജി ഇ.ഡിക്ക് കൈമാറി. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

ഫ്ലോ ചാര്‍ട്ട് എന്നത് കൊണ്ട് ഇ.ഡി ഉദ്ദേശിക്കുന്നത് വിശദമായ വരവ് ചെലവ് കണക്കാണ്. ഉദാഹരണമായി പറഞ്ഞാല്‍ ജനുവരി 1 ന് 5 ലക്ഷം രൂപ അക്കൌണ്ടില്‍ വന്നു. അയച്ചത് സുഹൃത്താണ്. ആ പണം ഉപയോഗിച്ച് വീട് നിര്‍മ്മാണത്തിനായി സിമന്‍റ് വാങ്ങി. വാങ്ങിയ തുകയും കടയും ഏതെന്ന് കൂടി പറയണം.

ഇത് തയ്യാറാക്കാന്‍ വേണ്ടി ഇ.ഡി ഷാജിക്ക് കൊടുത്തിരിക്കുന്ന സമയം പത്ത് ദിവസമാണ്. ഷാജി നല്‍കിയ രേഖകള്‍ ശരിയാണോയെന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് ഇ.ഡി ഫ്ലോ ചാര്‍ട്ട് ആവശ്യപ്പെട്ടത്. ഇ.ഡി ആവശ്യപ്പെട്ട പ്രകാരം ഇത് വരെ 19 രേഖകള്‍ കെ. എം ഷാജി സമര്‍പ്പിച്ചു. തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമേ പാസ്പോര്‍ട്ട്, വസ്തുക്കളുടെ ആധാരം, ബാങ്ക് സ്റ്റേറ്റ്മെന്‍റ്, തെരഞ്ഞെടുപ്പ് ചെലവ് കണക്ക്‍, വീടിന്‍റെ പ്ലാന്‍ തയ്യാറാക്കിയ എഞ്ചിനീയറുടെ വിവരങ്ങള്‍, പെര്‍മിറ്റ് ഡീറ്റെയില്‍സ്, ലോണ്‍ വിവരങ്ങള്‍ തുടങ്ങിയവയാണ് കൈമാറിയത്. ഫ്ലോ ചാര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം കെ. എം ഷാജിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. അഴീക്കോട് സ്കൂളിലെ പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30 മണിക്കൂര്‍ കെഎം ഷാജിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.