India

ഒമിക്രോൺ വ്യാപനം; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം മാറ്റി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം മാറ്റി. ഒമിക്രോൺ സാഹചര്യം മുൻനിർത്തിയാണ് യുഎഇ സന്ദർശനം മാറ്റിയത്. അടുത്തയാഴ്ച യുഎഇ സന്ദർശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 781 ആയതോടെ സംസ്ഥാനങ്ങൾ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഇവിടെ ഭാഗിക ലോക്ഡൗൺ നിലവില്‍ വന്നു.

238 പേർക്കാണ് ഇതുവരെ ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകളിൽ ഒറ്റ ദിവസം കൊണ്ട് 50 ശതമാനം വർധനയുണ്ടായി. ദശാംശം രണ്ട് ശതമാനത്തിൽ നിന്ന് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിനടുത്തെത്തി. ഡൽഹി കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, മിസോറാം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്. മുംബൈയിൽ മാത്രം കേസുകളിൽ 70 ശതമാനം വർധനയുണ്ടായതോടെ ബിഎംസി ജാഗ്രത നിര്‍ദ്ദേശം നൽകി.

ഗുജറാത്തിൽ ജൂണിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചയ്യായി ബിഹാറിലും രോഗികളുടെ എണ്ണം കൂടുകയാണ്. പത്തിലധികം സംസ്ഥാനങ്ങൾ ഇതിനോടകം രാത്രി കാല കർഫ്യൂ ഏർപ്പെടുത്തി. പഞ്ചാബിലും ഹരിയാനയിലും അടുത്ത മാസം മുതൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി.