India National

സാമ്പത്തിക രംഗം ഗുരുതരാവസ്ഥയിൽ; മോദിയെങ്കിൽ മാന്ദ്യം എന്ന് സോഷ്യൽ മീഡിയ

‘മോദി ഹേ തോ മുംകിൻ ഹേ’ (മോദിയാണെങ്കിൽ എല്ലാം സാധ്യമാണ്) എന്നത് തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ ബി.ജെ.പിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. എന്നാൽ, മോദിക്കു കീഴിൽ രാജ്യത്തെ സാമ്പത്തികാവസ്ഥ ഗുരുതരമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തുന്നതായാണ് റിപ്പോർട്ടുകൾ. പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി രാജ്യത്തെ ഒട്ടുമിക്ക പ്രമുഖ വ്യവസായ, വാണിജ്യ സംരംഭകരും നഷ്ടക്കണക്കുകളും തൊഴിൽ നഷ്ടസാധ്യതകളും വെളിപ്പെടുത്തി. സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നുവെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമാനും സമ്മതിച്ചു.

ഇതിനു പിന്നാലെ ‘മോദി ഹേ തോ മന്ദി ഹേ…’ (മോദിയാണെങ്കിൽ മാന്ദ്യമാണ്) എന്ന പ്രചരണം ട്വിറ്ററിൽ വൈറലാവുകയാണ്. #ModiHaiTohMandiHai എന്ന ഹാഷ് ടാഗ് ഇന്ത്യൻ ട്വിറ്ററിലെ ടോപ് ട്രെൻഡുകൡലെത്തി  ഡോളറിനെതിരെ രൂപ കൂപ്പുകുത്തുന്നതും കോർപറേറ്റുകൾ മുതൽ ചെറുകിട കച്ചവടക്കാർ നിരത്തുന്ന നഷ്ടക്കണക്കുകളും തൊഴിൽ നഷ്ടമാകുമെന്ന ഭീതിയുമെല്ലാം ട്വീറ്റുകളിൽ വിഷയമാകുന്നു. ആഗോള മാന്ദ്യകാലത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വലിയ പരിക്കില്ലാതെ പിടിച്ചു നിർത്തിയ മൻമോഹൻ സിങ് സർക്കാറിനെതിരെ മോദിയും ബി.ജെ.പി നേതാക്കളും നടത്തിയ പ്രചരണങ്ങൾ പലരും ‘കുത്തിപ്പൊക്കു’ന്നുണ്ട്.

യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ കൂപ്പുകുത്തുന്ന കാഴ്ചയാണ് കഴിഞ്ഞ കാലയളവില്‍ കണ്ടത്. ഒരു ഡോളറിന് 71.80 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ലോകത്ത് ഏറ്റവുമധികം വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുനിന്ന് ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇതും മോദിക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണമാകുന്നു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയിലാണ് ഇന്ത്യ ഇപ്പോള്‍ എന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹം ആ പ്രസ്ഥാവന പിന്‍വലിക്കുകയും ചെയ്തു.