India

“മോദി പാര്‍ലമെന്‍റിലെത്തിയത് 24 മണിക്കൂര്‍, ഗുജറാത്തില്‍ പ്രസംഗിച്ചത് 37 മണിക്കൂര്‍”

പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രയാന്‍. കഴിഞ്ഞ വര്‍ഷം മോദി പാര്‍ലമെന്‍റില്‍ വന്നതിനേക്കാള്‍ കൂടുതല്‍ ദിവസം 2017ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനുണ്ടായിരുന്നുവെന്ന് ഡെറക് ഒബ്രയാന്‍ പറഞ്ഞു. പാര്‍ലമെന്‍റ് രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് ഡെറക് ഒബ്രയാന്റെ വിമര്‍ശനം.

രാജ്യസഭയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മോദിയെ വിമര്‍ശിച്ചത്. മോദി കഴിഞ്ഞ ഒരു വര്‍ഷം പാര്‍ലമെന്‍റിലുണ്ടായിരുന്നത് 24 മണിക്കൂറാണ്- 10 മണിക്കൂര്‍ രാജ്യസഭയിലും 14 മണിക്കൂര്‍ ലോക്സഭയിലും. അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ മോദി 37 മണിക്കൂര്‍ പ്രസംഗിച്ചു. അദ്ദേഹം വരാണസിയില്‍ നിന്നുള്ള എം.പിയാണ്. അദ്ദേഹം ഈ വര്‍ഷം മനോഭാവം മാറ്റുമെന്നാണ് കരുതുന്നതെന്നും ഒബ്രയാന്‍ ആവശ്യപ്പെട്ടു.

പ്രധാനപ്പെട്ട ഒരു നേതാവ് പ്രസംഗിക്കാന്‍ പോകുന്നതില്‍ തനിക്ക് അഭിപ്രായ വ്യത്യാസമൊന്നുമില്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയും പ്രസംഗിക്കാന്‍ പോവാറുണ്ട്. പക്ഷെ ഒരു സമതുലനാവസ്ഥയൊക്കെ വേണ്ടേയെന്നും ഡെറക് ഒബ്രയാന്‍ ചോദിച്ചു. ജമ്മു കശ്മീരിനെ സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു ഒബ്രയാന്‍റെ വിമര്‍ശനം. നമ്മുടെ പ്രധാനമന്ത്രി ഇവിടെയിരുന്ന് ഈ ചര്‍ച്ച കേട്ടിരുന്നുവെങ്കില്‍ നല്ലതായിരുന്നുവെന്ന് പറഞ്ഞാണ് ഒബ്രയാന്‍ മോദിയുടെ പാര്‍ലമെന്‍റിലെ അസാന്നിധ്യത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

ദേശസ്നേഹത്തിന്‍റെ ഉടമസ്ഥാവകാശം ഏതെങ്കിലും ഒരു പാര്‍ട്ടിക്കല്ലെന്നും ബി.ജെ.പിയെ വിമര്‍ശിച്ച് ഒബ്രയാന്‍ പറഞ്ഞു. ഞങ്ങള്‍ ബംഗാളില്‍ നിന്നുള്ളവരാണ്. ദേശസ്നേഹത്തെ കുറിച്ച് ഞങ്ങളോട് പറയേണ്ട. ദേശസ്നേഹികളെന്ന് അവകാശപ്പെടുന്നവര്‍ ആദ്യം കശ്മീരിന്‍റെ മുറിവുണക്കണമെന്നും ഒബ്രയാന്‍ ആവശ്യപ്പെട്ടു.