India National

മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് എഫ്.സി.ഐയുടെ കടം മൂന്നിരട്ടി വര്‍ധിച്ചു

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്.സി.ഐ)യുടെ കടം മൂന്നിരട്ടി വര്‍ധിച്ചു. 2014 മാര്‍ച്ചില്‍ 91, 409 കോടി രൂപയായിരുന്നു എഫ്.സി.ഐയുടെ കടം 2019 മാര്‍ച്ചില്‍ 2.65 ലക്ഷം കോടി രൂപയായി. 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 190 ശതമാനം വര്‍ധനവാണ് അഞ്ചുവര്‍ഷക്കാലത്ത് രേഖപ്പെടുത്തിയത്.

1995 ലെ ഫുഡ് കോര്‍പ്പറേഷന്‍ ആക്‍ട് പ്രകാരം ഭക്ഷ്യധാന്യങ്ങളുടെ സംസ്‌കരണത്തിനും വിതരണത്തിനുമുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണ് എഫ്.സി.ഐ. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിനെ ആശ്രയിച്ചാണ് എഫ്.സി.ഐയുടെ പ്രവര്‍ത്തനം. നേരത്തെ ഭക്ഷ്യ സബ്‌സിഡി തുക പൂര്‍ണമായി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ഈ തുക മുഴുവനായി നല്‍കുന്നില്ല. ഇതോടെയാണ് എഫ്.സി.ഐ കടത്തിലായത്.