നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ രോഗസാഹചര്യം മോശമാക്കിയെന്നും വാക്സീൻ കയറ്റുമതി ചെയ്തത് ഇന്ത്യയിൽ ക്ഷാമത്തിനു കാരണമായെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വിഡിയോ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.
‘പരിശോധനയ്ക്കും വാക്സിനേഷനും മുൻഗണന കൊടുക്കണം. മരുന്ന്, വെന്റിലേറ്റർ എന്നിവ ഉറപ്പാക്കണം. ഇന്ത്യയിലെ വാക്സിനേഷൻ ഡ്രൈവിനാണ് മുഖ്യപരിഗണന നൽകേണ്ടത്. അതിനുശേഷം മതി വാക്സിൻ കയറ്റുമതി ചെയ്യുന്നതും മറ്റ് രാജ്യങ്ങൾക്ക് സമ്മാനമായി നൽകുന്നതും. സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണം. മോദി സർക്കാർ കാര്യങ്ങൾ തെറ്റായിട്ടാണ് കൈകാര്യം ചെയ്തത്. വാക്സിൻ അനിയന്ത്രിതമായി കയറ്റുമതി ചെയ്തതാണ് ഇന്ത്യയിൽ ക്ഷാമം ഉണ്ടാകാൻ കാരണം. ആൾക്കൂട്ടങ്ങളുണ്ടാകുന്ന യോഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും ഒഴിവാക്കണം. രാജ്യതാൽപര്യം മുൻനിർത്തി ഇക്കാര്യത്തിൽ നടപടിയെടുക്കണം.’ -സോണിയ പറഞ്ഞു.
ഇന്ത്യ വാക്സീൻ ക്ഷാമം നേരിടുമ്പോൾ കയറ്റുമതി തൽക്കാലം നിർത്തിവയ്ക്കണമെന്നു രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, ഒഡീഷ, തെലങ്കാന, പഞ്ചാബ് എന്നീ സർക്കാരുകൾ വാക്സിന്‍ ദൗര്‍ബല്യത്തിനെതിരെ രംഗത്തെത്തി.