പുല്‍വാമ ഭീകരാക്രമണം ഇമ്രാൻഖാന്റെ ഭരണ നേട്ടമാണെന്ന പാക് മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷത്തിനെതിരെ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു. രാജ്യ വിരുദ്ധ ശക്തികളുടെ കളിപ്പാവ ആകരുത് പ്രതിപക്ഷമെന്നും ഗുജറാത്തിലെ കെവാഡിയയില്‍ ഏകതാ ദിവസ് ആഘോഷത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി പട്ടേൽ ചൗക്കിലെ പട്ടേൽ പ്രതിമയിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പുഷ്പാർച്ചന നടത്തി.
ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയെന്ന് മോദി കുറ്റപ്പെടുത്തി. അവരുടെ ദുഷ്ട പ്രചാരണങ്ങൾ ഹൃദയവേദന ഉണ്ടാക്കി. രാജ്യ വിരുദ്ധ ശക്തികളുടെ കളിപ്പാവ ആകരുത് പ്രതിപക്ഷം. ഏറ്റവും വലുത് രാജ്യ താല്പര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും പരേഡ് സ്വീകരിച്ച പ്രധാനമന്ത്രി ഏകതാ പ്രതിജ്ഞയും ചൊല്ലി. സീപ്ലെയിന്‍ അടക്കമുള്ള പദ്ധതികളും ഉദ്ഘാടനം ചെയ്തു.
ഡല്‍ഹി പട്ടേൽ ചൗക്കിലെ പട്ടേൽ പ്രതിമയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ആഭ്യന്തരമന്ത്രി അമിത് ഷായും പുഷ്പാർച്ചന നടത്തി. അതേസമയം മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഇന്ന് ഇന്ദിരാ ഗാന്ധി മെമ്മോറിയലില്‍ എത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പുഷ്പാർച്ചന നടത്തി. പ്രിയങ്ക ഗാന്ധി ശക്തിസ്ഥലില്‍ എത്തിയും പുഷ്പാർച്ചന നടത്തി.