India National

മഹാരാഷ്ട്ര; എന്‍.സി.പിയെയും ശിവസേനയെയും പിളര്‍ത്താന്‍ ശ്രമിച്ച് ബി.ജെ.പി

മഹാരാഷ്ട്ര കേസില്‍ അന്തിമവിധി പ്രഖ്യാപിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റിയതോടെ ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ എം.എല്‍.എമാരെ സംഘടിപ്പിക്കുന്നതിന് 72 മണിക്കൂര്‍ സമയമാണ് ദേവേന്ദ്ര ഫട്‌നാവിസിന് ലഭിച്ചത്. അതേസമയം എന്‍.സി.പിയെയും ശിവസേനയെയും പിളര്‍ത്താനുള്ള ശ്രമം ബി.ജെ.പി ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

നേരത്തെ കോണ്‍ഗ്രസില്‍ നിന്നും എന്‍.സി.പിയില്‍ നിന്നും ബി.ജെ.പിയിലെത്തിയ നേതാക്കളെ ഉപയോഗിച്ചാണ് ബി.ജെ.പി കരുക്കള്‍ നീക്കുന്നത്. ബിസിനസ് വമ്പന്മാരെ ഉപയോഗിച്ചും കോണ്‍ഗ്രസിലെയും എന്‍.സി.പിയിലേയും എം.എല്‍.എമാരെ ബന്ധപ്പെടാനുള്ള ശ്രമങ്ങളും ബി.ജെ.പി നടത്തുന്നുണ്ട്. എന്‍.സി.പി, എം.എല്‍.എ മാരെ താമസിപ്പിച്ച ഹോട്ടലില്‍ ഇത്തരക്കാര്‍ മുറിയെടുത്തിരുന്നു. അതിനെ തുടര്‍ന്നാണ് എന്‍.സി.പി എം.എല്‍.എമാരെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റേണ്ടി വന്നത്.

ഹോട്ടലില്‍ നിന്ന് വിവരങ്ങള്‍ ആരായാന്‍ പൊലീസ് ഉദ്യോഗസ്ഥരെപ്പോലും വേഷം മാറ്റി അയച്ച സംഭവവുമുണ്ടായി. ഇത് എന്‍.സി.പി നേതാക്കള്‍ തിരിച്ചറിയുകയും ഈ പൊലീസുകാരെ വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. അതിനിടെ ദേശീയ തലത്തില്‍ നിന്നും കൂടുതല്‍ നേതാക്കളെ മുംബൈയിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നിലവില്‍ അജിത് പവാറൊഴികെ മറ്റു എല്ലാ എം.എല്‍.എമാരുടെയും പിന്തുണയുണ്ടെന്നാണ് എന്‍.സി.പി നേതാക്കള്‍ വ്യക്തമാക്കുന്നത്. 54 എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്.