India National

മഹാരാഷ്ട്ര; ഉദ്ദവ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു

മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കരെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. 169 എം.എല്‍.എമാരുടെ പിന്തുണ ലഭിച്ചു. സഭാനടപടികള്‍ ആരംഭിച്ചത് ചട്ടവിരുദ്ധമായെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ സഭയില്‍ നിന്നും ഇറങ്ങിപോയിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയാണ് വോട്ടെടുപ്പ് നടന്നത്.

അതേസമയം വന്ദേമാതരം ചൊല്ലിയല്ല സെഷൻ ആരംഭിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതിഷേധമുയർത്തി. തങ്ങളുടെ പ്രതിഷേധം സ്പീക്കർ വകവെക്കാതിരുന്നതിനെ തുടർന്ന് ഫഡ്‌നാവിസും ബി.ജെ.പി അംഗങ്ങളും സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഗവർണറുടെ അനുമതി പ്രകാരമാണ് പ്രത്യേക സഭ വിളിച്ചുചേർത്തതെന്ന് പ്രോട്ടം സ്പീക്കർ ദിലീപ് പാട്ടീൽ പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെയാണ് ബി.ജെ.പി അംഗങ്ങൾ ഒച്ചപ്പാടുണ്ടാക്കിയത്. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം മഹാ വികാസ് അഘാഡി 170 എംഎല്‍എമാരുടെ പിന്തുണയാണ് അവകാശപ്പെട്ടിരുന്നത്. മൂന്നു പാര്‍ട്ടികള്‍ക്കും കൂടി 154 എം.എല്‍.എമാരാണുള്ളത്.