India

ലോക്ക്ഡൗൺ; ഡൽഹിയിൽ നിന്ന് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം

ലോക്ക്ഡൗൺ നീട്ടിയതോടെ ഡൽഹിയിൽ നിന്ന് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം. അന്തർ സംസ്ഥാന ബസ് ടെർമിനലുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ, കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ്സ്‌ മറിഞ്ഞ് ഗ്വാളിയോറിൽ രണ്ടു പേർ മരിച്ചു.

ഒരു വർഷം മുൻപ് രാജ്യം അടച്ചിട്ടപ്പോൾ കണ്ട കൂട്ടപാലായനത്തിന്റെ ദരുണ ദൃശ്യങ്ങൾ ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് ഡൽഹിയിൽ. കയ്യിൽ ഒതുങ്ങുന്നതെല്ലാമെടുത്തു മടങ്ങുകയാണ് കുടിയേറ്റ തൊഴിലാളികൾ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ തുടങ്ങിയ പ്രയാണം തുടരുകയാണ്.

ലോക്ക്ഡൗൺ നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ആത്മവിശ്വാസം നൽകാൻ മതിയാകുന്നില്ല. കഴിഞ്ഞ തവണ ദുരിത ദൂരം നടന്നു തീർത്ത തൊഴിലാളികൾ ഇത്തവണ അതിർത്തികൾ അടക്കും മുൻപ് സ്വന്തം മണ്ണിലേക്ക് മടങ്ങുകയാണ്.

ഇതിനിടെ ഡൽഹിയിൽ നിന്ന് കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ്സു മറിഞ്ഞു ഗ്വളിയോറിൽ രണ്ടു തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി.

ഡൽഹിയിൽ ആറ് ദിവസത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി പത്ത് മണി മുതൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി. അവശ്യ സർവീസുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ആവർത്തിച്ചിരുന്നു. പ്രാദേശിക ലോക്ക്ഡൗണിലൂടെയും ഐസൊലേഷനിലൂടെയും കൊവിഡ് മഹാമാരിയെ മറികടക്കും. രാജ്യത്തെ വ്യവസായ അസോസിയേഷന്റെ യോഗത്തിലാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്. ലോക്ക്ഡൗൺ ഭീഷണി മുന്നിൽ കണ്ട് അതിഥി തൊഴിലാളികൾ തിരിച്ചുപോകാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.