Kerala

ലക്ഷ്യം രണ്ടാം വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്യുന്ന യുവതികള്‍, വിദേശത്ത് ജോലിയുണ്ടെന്ന് കള്ളം പറയും; വിവാഹവാഗ്ദാനം നല്‍കി പണം തട്ടുന്ന യുവാവ് പിടിയില്‍

മാട്രിമോണിയില്‍ നിന്ന് നമ്പര്‍ ശേഖരിച്ച് വിവാഹ വാഗ്ദാനം നല്‍കി പണം തട്ടുന്ന യുവാവ് കോഴിക്കേട് പിടിയില്‍. കണ്ണൂര്‍ സ്വദേശി മുഹമ്മദ് നംഷീറിനെയാണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയുടെ കയ്യില്‍ നിന്നും കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി

കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ പരാതിക്കാരിയെ ദുബായില്‍ എഞ്ചിനീയറാണെന്ന വ്യാജേന മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് വിദേശ മൊബൈല്‍ നമ്പറില്‍ നിന്ന് വാട്‌സ്ആപ്പ് മുഖേനയും ഫോണ്‍ കോള്‍ വഴിയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ചില കേസുകളില്‍ കുടുങ്ങിയതിനാല്‍ അതില്‍ നിന്നും ഒഴിവാകുന്നതിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി 13 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്.

രണ്ടാം വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന യുവതികളെ ലക്ഷ്യം വെക്കുന്ന പ്രതി ഇത്തരത്തില്‍ രണ്ടു വിവാഹങ്ങള്‍ കഴിച്ചതായി പൊലീസ് കണ്ടെത്തി. ബന്ധം സ്ഥാപിക്കുന്നവരുടെ വിലാസത്തിലുള്ള ഫോണ്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ദുരുപയോഗം ചെയ്ത് ആസൂത്രിതമായാണ് കുറ്റകൃത്യം ചെയ്ത് വരുന്നത്. പ്രതി പരിചയപ്പെടുന്ന യുവതികളുടെ വീഡിയോകളും ഫോട്ടോകളും വാട്‌സാപ്പ് വഴി ശേഖരിക്കുകയും ആത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടുന്നത്. വിദേശത്തുനിന്നും തിരികെ വന്ന പ്രതി ബംഗളൂരുവില്‍ വ്യാജ വിലാസത്തില്‍ താമസിച്ചു വരുന്നതിനിടയിലാണ് അറസ്റ്റ്.