Kerala

ലഹരിക്ക് തടയിടാന്‍ സിനിമ സെറ്റിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും; സംശയമുള്ളവരുടെ പേരുകള്‍ പൊലീസിന് കൈമാറാന്‍ നിര്‍ദേശം

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിന് തടയിടാന്‍ കൊച്ചി സിറ്റി പൊലീസ്. ഷാഡോ പൊലീസിങ്ങിന് പുറമെ സിനിമ സെറ്റില്‍ എത്തുന്ന അപരിചിതരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കും. സംശയമുള്ളവരുടെ പേരുകള്‍ പൊലീസിന് കൈമാറാന്‍ സിനിമാസംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ പറഞ്ഞു.

സിനിമ സെറ്റില്‍ പുതിയതായി ജോലിക്കെത്തുന്നവരെ കുറിച്ച് ഏതെങ്കിലും തരത്തില്‍ സംശയമുണ്ടെങ്കില്‍ ആ നിമിഷം പൊലീസിനെ അറിയിക്കാം. അവരുടെ മുന്‍കാല ചരിത്ര മുള്‍പ്പടെ അന്വേഷിച്ച് പൊലീസ് വിവരങ്ങള്‍ നല്‍കും. അപരിചിതരായെത്തുന്ന ആളുകള്‍ സിനിമയുടെ പേരില്‍ ലഹരി ഇടപാടുകള്‍ നടത്തുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

ഷാഡോ പൊലീസിങ്ങിനോട് വിയോജിപ്പ് പ്രകടിപ്പിച്ച ഫെഫ്ക ഉള്‍പ്പടെ ഉള്ള സിനിമ സംഘടനകള്‍ കൊച്ചി പൊലീസിന്റെ പുതിയ ഇടപെടലിനെ സ്വാഗതം ചെയ്തു. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം പിടിച്ചു കെട്ടാന്‍ പൊലീസ് പരിശോധന നടത്തണമെന്ന് നിര്‍മാതാക്കളുടെ സംഘടന ഉള്‍പ്പടെ ആവശ്യപെട്ടിരുന്നു. എന്നാല്‍ ഇത് സിനിമയുടെ ആകെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നായിരുന്നു തൊഴിലാളി സംഘടനകളുടെ വാദം.