India Kerala

കാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി; ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. പരിശോധനാ ഫലം വരുന്നതിന് മുന്നേ ചികിത്സ തുടങ്ങേണ്ടിയിരുന്നില്ലെന്നും സ്വകാര്യ ലാബിലെ പാതോളജിസ്റ്റിന് വീഴ്ച സംഭവിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

സ്വകാര്യ ലാബിലെ പരിശോധനാഫലം അടിസ്ഥാനമാക്കി രജനിക്ക് കീമോ തെറാപ്പി ആരംഭിച്ചത്. സര്‍ക്കാര്‍ മെഡിക്കൽ കോളജ് ലാബിലെ പരിശോധനാ ഫലത്തിനായി കാത്തിരിക്കാതെ ചികിത്സ തുടങ്ങിയത് തെറ്റാണ്. ഇത് ഡോക്ടർമാരുടെ വീഴ്ചയായാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. സ്വകാര്യ ലാബിലെ പതോളജിസ്റ്റിനും വീഴ്ച സംഭവിച്ചതായി അന്വേഷണ സംഘം വിലയിരുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫ. ഡോ.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിഷയം അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. സ്വകാര്യ ലാബിന്റെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്നായിരുന്നു മെഡിക്കൽ കോളേജ് അധികൃതരുടെ വാദം. സംഭവം വിവാദമായതിന് പിന്നാലെയാണ് അന്വേഷണത്തിന് സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്.