Kerala

തിരുവനന്തപുരത്ത് അനിവാര്യമായ ഇളവുകൾ ഉണ്ടാകും : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരുന്നതിന് അനിവാര്യമായ ഇളവുകൾ ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അന്തിമ തീരുമാനം വൈകുന്നേരം ഉണ്ടാകും.

കൂടുതൽ രോഗബാധിതരുള്ള ജില്ലയാണ് തിരുവനന്തപുരം. ജില്ലയിൽ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും അതിനാൽ ഇളവുകൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കണ്ടയിൻമെന്റ് സോണുകൾ അല്ലാത്തിടത്ത് പൊതുഗതാഗതത്തിന് ശുപാർശ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്തിമ തീരുമാനം ചീഫ് സെക്രട്ടറിയുടേതാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകൾ അല്ലാത്ത മേഖലകളിൽ ഇളവുകൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

‘ജില്ലയിൽ ലോക്ക് ഡൗൺ അവസാനിപ്പിക്കാൻ കഴിയുന്ന സാഹചര്യമല്ല. പക്ഷേ, തീരമേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്. ലോക്ക് ഡൗൺ ഉള്ളത് കൊണ്ടാണ് വ്യാപനം കുറയുന്നത്. അതുകൊണ്ടാണ് പിൻവലിക്കാൻ സമയമായിട്ടില്ലെന്ന് പറയുന്നത്’- മന്ത്രി പറയുന്നു.

തീരദേശ മേഖലയുൾപ്പടെ നഗരസഭ പരിധിയിലെ 30 വാർഡുകൾ നിലവിൽ കണ്ടെയിൻമെന്റ് സോണുകളാണ്. അല്ലാത്ത പ്രദേശങ്ങളിൽ ഇളവുകൾ പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം മേയർ കെ ശ്രീകുമാർ 24 നോട് പറഞ്ഞു.