India Kerala

വീണാ വിജയന് എതിരായ കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിര്; എ.കെ ബാലൻ

വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിരാണെന്ന് മുതിർന്ന സിപിഐഎം നേതാവ് എ.കെ ബാലൻ. കേന്ദ്ര ഏജൻസികൾ പരിഹാസ്യമാണ് കാട്ടികൂട്ടുന്നത്. കോടതിയുടെ പരിഗണനയുള്ള കേസിൽ കോടതിയുടെ അനുമതിയില്ലാതെ എങ്ങനെയാണ് അന്വേഷണം നടത്തുക. ഒരു വലിയ ഗൂഡാലോചനയുടെ ഭാഗമാണ് ഇത്. ഇത് തീർത്തും ഒരു കുടുംബത്തെ അവഹേളിക്കുന്നതിനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ ഗൂഡാലോചനക്ക്‌ പിന്നിൽ ചില വ്യക്തികളാണ്. അവരെക്കുറിച്ച് വ്യക്തമായ അറിവ് ഞങ്ങൾക്കുണ്ട്. മുഖ്യമന്ത്രിക്കോ മകൾക്കോ എതിരായി ഒരു നോട്ടീസ് പോലും ഹൈക്കോടതി അയച്ചിട്ടില്ല. ഇതിൽ തട്ടിപ്പ് നടന്നിട്ടില്ല എന്ന് ഹൈക്കോടതി തന്നെ പറഞ്ഞതാണ്. പിന്നെ എത് സാഹചര്യത്തിലാണ് ഈ അന്വേഷണം. എങ്ങനെ വേട്ടയാടിയാലും ഒരു പ്രതികൂല വിധിയും മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരെ വരില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനും വീണയുടെ ഐ.ടി കമ്പനിയായ എക്‌സാലോജിക്കിനുമെതിരായ സാമ്പത്തിക കേസിന്‍റെ അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷൻ ഓഫിസിന് (എസ്​.എഫ്​.ഐ.ഒ)​ കൈമാറിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം പുറത്തിറക്കി.

വലിയ സാമ്പത്തിക കുറ്റങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് എസ്.എഫ്‌.ഐ.ഒക്ക് സാധാരണ നല്‍കാറുള്ളത്. കോര്‍പറേറ്റ് മന്ത്രാലയത്തിനുകീഴിലെ ഉയര്‍ന്ന അന്വേഷണമാണ് എസ്.എഫ്‌.ഐ.ഒ നടത്തുക. വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്നതടക്കം കാര്യങ്ങളാണ് അന്വേഷിക്കുക. എക്‌സാലോജിക്-സി.എം.ആർ.എല്‍ ഇടപാട് അന്വേഷണവും എസ്.എഫ്‌.ഐ.ഒയുടെ പരിധിയിലായിരിക്കും. കോര്‍പറേറ്റ് ലോ സര്‍വിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാകും അന്വേഷണം നടത്തുക.