India Kerala

പട്ടിക വിഭാഗങ്ങൾക്ക് വീട്: 340 കോടി നഷ്ടപ്പെടുത്തിയത് സർക്കാറിന്റെ ഗുരുതരമായ വീഴ്ച – വെൽഫെയർ പാർട്ടി

ലൈഫ് മിഷൻ പദ്ധതിയിലൂടെ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന് അനുവദിച്ച 440 കോടി രൂപയിൽ 100 കോടി രൂപ മാത്രം ചിലവഴിക്കുകയും ബാക്കി തുക സമയബന്ധിതമായി ചെലവഴിക്കാത്തതിനാൽ നഷ്ടപ്പെടുകയും ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. പട്ടിക ജാതി, വർഗ്ഗ വകുപ്പ് വഴി നൽകിവന്നിരുന്ന ഭവന നിർമ്മാണത്തിനുള്ള തുക ലൈഫ് മിഷനിലൂടെ ചെലവഴിക്കാൻ സർക്കാർ തീരുമാനിച്ചത് തന്നെ രാഷ്ട്രീയപരമായ താൽപര്യം മുൻനിർത്തിയായിരുന്നു. ഏറെ വിവാദങ്ങൾക്കും അഴിമതിക്കും കാരണമായ ലൈഫ് മിഷൻ പദ്ധതിയിൽ പട്ടിക വിഭാഗങ്ങളുടെ വീട് നിർമ്മാണത്തിന് വേണ്ടിയുള്ള തുക മാറ്റിവെച്ചതിലൂടെ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കാതെ പോകുന്നത്.

2018 – 19 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 400 കോടി രൂപയും സർക്കാരിന്റെ അലംഭാവത്താൽ നഷ്ടപ്പെട്ടിട്ടുണ്ട്. 2020 – 21 സാമ്പത്തിക വർഷത്തിലും പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് നീക്കി വെച്ച 140 കോടി രൂപയിൽ ഇതുവരെ ഒരു തുകയും ചെലവഴിച്ചിട്ടില്ല. നിലവിലെ പിന്നോക്കാവസ്ഥയിൽ നിന്നും പ്രത്യേക പരിഗണന നൽകി സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റം സാധ്യമാകേണ്ട പട്ടിക വിഭാഗങ്ങയുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ സർക്കാറിന്റെ അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് നിഷേധിക്കുന്നത് ഈ ജനതയോടുള്ള വെല്ലുവിളിയാണ്. പട്ടിക വിഭാഗങ്ങളോടുള്ള സർക്കാരിന്റെ അവഗണനയ്ക്ക് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.