Kerala

വാളയാര്‍ കേസ്; സർക്കാർ പുനരന്വേഷണം ആവശ്യപ്പെടാൻ സാധ്യത

വാളയാർ കേസിൽ വിചാരണ കോടതിൽ സർക്കാർ പുനരന്വേഷണം ആവശ്യപ്പെടാൻ സാധ്യത. കേസിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെയും നിയോഗിക്കും. പെൺകുട്ടികളുടെ രക്ഷിതാക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടും.

വാളയാറിലെ പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ 4 പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്. പുനർ വിചാരണക്ക് ഉത്തരവിട്ട കോടതി പുനരന്വേഷണം വിചാരണ കോടതിയിൽ ആവശ്യപ്പെടാമെന്നും പറയുന്നു. ഇത് പ്രകാരം പുനരന്വേഷണം സർക്കാർ തന്നെ ആവശ്യപ്പെടാനാണ് സാധ്യത. നിലവിലെ തെളിവുകൾക്കെപ്പം കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് പുതിയ അന്വേഷണത്തിലൂടെ സാധിക്കും. ആത്മഹത്യ പ്രേരണ കുറ്റം പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കൊലപാതക സാധ്യത കൂടി പരിശോധിക്കപ്പെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കേസിന്‍റെ നടത്തിപ്പിനായി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാനും ആലോചനയുണ്ട്. സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ ആവശ്യപെടുന്നു. ആവശ്യമെങ്കിൽ സി.ബി.ഐ അന്വേഷണത്തിനും സർക്കാർ സന്നദ്ധമാണ്. പ്രതികളെ വെറുതെ വിട്ട ജഡ്ജി തന്നെയാണ് ഇപ്പോഴും പോക്സോ കോടതിയിലുള്ളത്. നിയമസഭ തെരത്തെപ്പ് അടുത്തിരിക്കെ പിഴവില്ലാതെ കേസ് മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ശ്രമം.