അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രിം കോടതിയില്‍. സംസ്ഥാന സര്‍ക്കാരും രണ്ട് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളും ആണ് അപേക്ഷ സമര്‍പ്പിച്ചത്.
നിലവിലുള്ള വ്യവസ്ഥകള്‍ അത്യാസന്ന നിലയില്‍ എത്തിയ നായകള്‍ക്ക് ദയാവധം മാത്രമാണ് അനുവദിക്കുന്നത്. പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അതുകൊണ്ടുതന്നെ സുപ്രിം കോടതി അനുവാദം വേണം. ഇതിനായുള്ള നീക്കങ്ങളാണ് സംസ്ഥാനം നടത്തിയത്. പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി.
പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ കൊന്നു തള്ളാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. എബിസി പദ്ധതി താളം തെറ്റിയതാണ് സംസ്ഥാനത്ത് തെരുവ് നായശല്യം രൂക്ഷമാകാന്‍ കാരണമെന്ന് ജസ്റ്റിസ് സിരിജഗന്‍ സമിതി സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്.
എബിസി പദ്ധതി കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പിക്കാന്‍ അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ കേരളം നിര്‍ദ്ധേശിയ്ക്കുന്നു. കേരളത്തിലെ രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ ഇതേ ആവശ്യം ഉന്നയിച്ച് ഇന്നലെ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും, കോഴിക്കോട് കോര്‍പറേഷനുമാണ് സമാന അപേക്ഷ സമര്‍പ്പിച്ചത്.
അതേസമയം കേരളത്തില്‍ നായകളെ കൂട്ടത്തോടെ കൊല്ലാനുള്ള ഗൂഡാലോചന നടക്കുന്നു എന്ന് ആരോപിച്ച് സുപ്രിം കോടതിയില്‍ ഹര്‍ജ്ജി എത്തിയിട്ടുണ്ട്. അപേക്ഷകള്‍ നാളെ സുപ്രിം കോടതി പരിഗണിയ്ക്കും.