Kerala

ലൈഫ് മിഷന്‍: വിജിലന്‍സ് കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതി

ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവരെയും പ്രതി ചേര്‍ത്ത് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ സ്വപ്ന സുരേഷിനെ വിജിലന്‍സ് സംഘം ജയിലിലെത്തി ചോദ്യംചെയ്തു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ ലൈഫ് സിഇഒയുടെ അടക്കം നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശിവശങ്കറിനെ കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ത്തത്. അഞ്ചാം പ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറാം പ്രതിയായി സ്വപ്ന സുരേഷിനെയും ഏഴാം പ്രതിയായി സരിത്തിനെയും എട്ടാം പ്രതിയായി സന്ദീപ് നായരെയും ഉള്‍പ്പെടുത്തി. യുണിടാക്കിന് എല്ലാ സഹായവും നല്‍കണമെന്ന് എം ശിവശങ്കര്‍ പറഞ്ഞതായി ലൈഫ് സിഇഒ യു വി ജോസും വടക്കാഞ്ചേരി പദ്ധതിയിലെ എഞ്ചിനീയറും വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.

ലൈഫിലെ കോഴയെന്ന് കരുതുന്ന ഐ ഫോണ്‍ ശിവശങ്കറിന് ലഭിച്ചതായി ഇ.ഡിയും കണ്ടെത്തിയിരുന്നു. ലൈഫിലെ ക്രമക്കേടിനാധാരമായ കരാറുകളടക്കം തയ്യാറാക്കിയതിലും ശിവശങ്കറിന്‍റെ പങ്ക് വിജിലന്‍സ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശിവശങ്കറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. കമ്മീഷന്‍ ഇടപാടിലും ഗൂഢാലോചനയിലും തെളിവ് ലഭിച്ചതിന് പിന്നാലെയാണ് മറ്റുള്ളവരെ പ്രതി ചേര്‍ത്തത്.

കേസില്‍ നേരത്തെ യുണിടാക്, സെയ്ന്‍ വെഞ്ച്വേഴ്സ്, ലൈഫ് മിഷനിലെ ചില ഉദ്യോഗസഥര്‍, ചില സ്വകാര്യ വ്യക്തികള്‍ എന്നിവരായിരുന്നു പ്രതികള്‍. ലൈഫ് കേസില്‍ ശിവശങ്കറിനെയടക്കം സിബിഐ പ്രതി ചേര്‍ക്കുമെന്ന സൂചന ശക്തമാകുന്നതിനിടെയാണ് വിജിലന്‍സിന്‍റെ നീക്കമെന്നതും ശ്രദ്ധേയമാണ്.