Kerala

വിമാനത്തിലെ പ്രതിഷേധം വധ ശ്രമമാക്കിയതിൽ ഗൂഢാലോചന; വി ഡി സതീശൻ

വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി പുറത്തിറങ്ങിയതിന് ശേഷമെന്ന് പ്രതിപക്ഷ നേതാവ്. സംഭവം വധശ്രമമാക്കി മാറ്റിയതിൽ ഗൂഢാലോചനയുണ്ട്. ഭരണകക്ഷിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കലാപം നടക്കുന്നു. കോൺഗ്രസ് ഓഫീസുകൾ തകർത്തിട്ട് കേസില്ലെന്നും, പൊലീസ് കാണിക്കുന്നത് ഇരട്ട നീതിയാണെന്നും വിഡി സതീശൻ തിരുവന്തപുരത്ത് പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ കേരളത്തിൽ കാലുകുത്തിക്കില്ലെന്നാണ് സിപിഐഎം വിരട്ടൽ. നേതാക്കൾക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കുന്നു. മുഖ്യമന്ത്രിയും സിപിഐഎമ്മും ആരെയാണ് ഭയപ്പെടുത്താൻ ശ്രമിക്കുന്നത്? ഭയപ്പെടുത്താൻ നോക്കണ്ടെന്നും, സമരം പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് അനുകൂലമായി സാംസ്കാരിക നായകന്മാർ നടത്തുന്ന പരിപാടി വിചിത്രമാണ്. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റി. സിപിഐഎമ്മിൻ്റെ ഈ പ്രവർത്തിയിൽ സാംസ്കാരിക നായകന്മാർ ഒരക്ഷരം മിണ്ടിയില്ല. കെപിസിസി ഓഫീസ് ആക്രമിച്ചു, പ്രതിപക്ഷ നേതാവിൻ്റെ വസതിയിൽ ക്രിമിനലുകൾ ചാടിക്കടന്നു. അതിനെതിരെ ഒരാളും ശബ്ദിച്ചില്ല. സാംസ്കാരിക നായകന്മാർ സർക്കാരിൻ്റെ ഔദാര്യം കൈപ്പറ്റുന്നവരാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.