Kerala

‘മുഖ്യമന്ത്രി പ്രതിയെ തീരുമാനിച്ചു, പൊലീസ് കള്ളക്കേസുണ്ടാക്കി’; ഗാന്ധി ചിത്രം തകര്‍ത്തത് കള്ളക്കേസെന്ന് വി.ഡി സതീശന്‍

വയനാട്ടില്‍ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ പൊലീസ് കള്ളക്കേസുണ്ടാക്കിയെന്നും ബിജെപി ദേശീയ നേതൃത്വത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസുകാരാണ് ഗാന്ധി ചിത്രം തകര്‍ത്തതെന്നതിന് ഒരു തെളിവും പൊലീസിന് കിട്ടിയിട്ടില്ല. പൊലീസ് കള്ളക്കേസുണ്ടാക്കുകയാണ് ചെയ്തത്. ഇല്ലാത്ത കേസ് പടച്ചുണ്ടാക്കുകയാണ് ചെയ്തത്. കേസന്വേഷണത്തിന് വേണ്ടി എഡിജിപി മനോജ് എബ്രഹാം തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുന്നതിന് മുന്‍പേ മുഖ്യമന്ത്രി ഗാന്ധി ചിത്രം തകര്‍ത്തതെന്ന് ആരോപിക്കുകയുണ്ടായി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്നുമുതലാണ് അന്വേഷണ ഉദ്യോഗസ്ഥനായത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

‘മുഖ്യമന്ത്രിയുടെ സൗകര്യത്തിന് വേണ്ടിയുണ്ടാക്കിയ കേസാണിത്. എകെജി സെന്റര്‍ ആക്രമണ കേസിലും ഷാജഹാന്‍ കൊലക്കേസിലും പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ് ഇപ്പോള്‍ സിപിഐഎം. അത് പോലെയാണ് കോണ്‍ഗ്രസും എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണിത്.

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് തുരത്തണമെന്ന സ്മൃതി ഇറാനിയുടെ ആഹ്വാനാണ് സിപിഐഎം നടത്തിക്കൊണ്ടിരിക്കുന്നത്.
ബിജെപിക്ക് അതിനുള്ള ശേഷിയില്ലാത്തത് കൊണ്ടാണ് സിപിഐഎം ആ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത.് വീണ്ടും വീണ്ടും രാഹുല്‍ ഗാന്ധിയെ അപമാനിച്ച് ബിജെപി ദേശീയ നേതൃത്വത്തെ തൃപ്തിപ്പെടുത്തുകയാണ് സിപിഐഎം’. വി ഡി സതീശന്‍ വയനാട്ടില്‍ പറഞ്ഞു.