Kerala

ഒരു വർഷം മുതൽ 2 മാസം വരെ പഴക്കമുള്ള മൃതദേഹങ്ങൾ ഫ്രീസറിൽ; വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആരും ഏറ്റെടുക്കാൻ ഇല്ലാത്ത മൃതദേഹങ്ങൾ വർധിക്കുന്നു

വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആരും ഏറ്റെടുക്കാൻ ഇല്ലാത്ത മൃതദേഹങ്ങൾ വർധിക്കുന്നു. ഒരുവർഷം മുതൽ രണ്ട് മാസംവരെ പഴക്കമുള്ള മൃതദേഹങ്ങളാണ് ഫ്രീസറിൽ സൂഷിച്ചിരിക്കുന്നത്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മൃതദേഹങ്ങൾ സാംസ്‌ക്കരിക്കാനുള്ള നടപടി ഉണ്ടായില്ല.

ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലെ രജിസ്റ്റർ കോപ്പിയിലെ മൃതദേഹങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ : ഒന്നാമത്തെ പേര് ബേബി. ബന്ധുക്കളില്ല മൃതദേഹം മോർച്ചറിയിൽ എത്തിയത് ഈ വർഷം ജനുവരി 26ന്. അതായത് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തോട് അടുക്കുന്നു. രണ്ടാമത്തെ പേര് കൃഷ്ണൻ. വയസ്സ് 43. മൃതദേഹം മോർച്ചറിയിൽ എത്തിയത് ഈ വർഷം ജൂൺ 11ന്. ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇനിയുമുണ്ട് പട്ടിക.

സാധാരണഗതിയിൽ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയില്ലെങ്കിൽ ഒരു മാസത്തിന് ശേഷം ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ വലിയ ചുടുകാട്ടിൽ മറവ് ചെയ്യുകയാണ് പതിവ്. എന്നാൽ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു വർഷമായി ഫ്രീസറിലുള്ള മൃതദേഹംപ്പോലും മറവ് ചെയ്യാൻ തയാറായിട്ടില്ല.