India Kerala

ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് തന്നെ കുറിച്ചല്ല: രാഷ്ട്രീയ പകപോക്കലാണെന്ന് കരുതുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സിന്‍റെ നീക്കത്തില്‍ ആശങ്കയില്ലെന്ന് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് തന്നെ കുറിച്ചല്ല. ചോദ്യംചെയ്യലിന് വിളിച്ചാല്‍ വീണ്ടും ഹാജരാകും. രാഷ്ട്രീയ പകപോക്കലാണെന്ന് ഇപ്പോള്‍ കരുതുന്നില്ല. അഴിമതിയില്‍ പങ്കുള്ളവരുടെ പേര് കരാറുകാരന് അറിയാമെങ്കില്‍ പറയട്ടെയെന്നും ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു.

പാലാരിവട്ടം മേൽപാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കെന്ന വിജിലൻസ് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യത്തോടാണ് ഇബ്രാഹിംകുഞ്ഞിന്‍റെ പ്രതികരണം. കരാറുകാരൻ സുമിത് ഗോയലിന് രാഷ്ട്രീയ നേതാക്കൾ ആരെല്ലാം എന്ന്‌ അറിയാം. കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേർ വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുന്നുവെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി.

സര്‍ക്കാരിന്‍റെ പണം പോയത് ആര്‍.ഡി.എസ് കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ്. പാലം നിര്‍മാണത്തിന് തുക ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞിന്‍റെ പ്രതികരണം.