HEAD LINES Kerala

‘നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ കെഎസ്ആർടിസി ബസിൽ പര്യടനം’; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് മുഖ്യമന്ത്രി ചോദിക്കുന്നത് നന്നായിരിക്കും; വി ഡി സതീശൻ

മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. (V D Satheeshan against kerala govt on ksrtc salary crisis)

പ്രത്യേകം തയാറാക്കിയ KSRTC ബസിലാണത്രേ യാത്ര ബസില്‍ കയറുന്നതിന് മുന്‍പ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ എന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മണ്ഡല പര്യടനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് കെഎസ്ആര്‍ടിസി നല്‍കും. ബസ് സജ്ജമാക്കുന്ന ചുമതല ഗതാഗത മന്ത്രി ആന്റണി രാജുവിനാണ്. 25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലാവും ബസ്. പുതിയ ബസുകളില്‍ ഒന്ന് രൂപമാറ്റം വരുത്തിയാകും ഉപയോഗിക്കുക.

മണ്ഡല പര്യടന പരിപാടിയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കില്ല. ചെലവിനുള്ള പണം സംഘാടക സമിതി കണ്ടെത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പരിപാടിയുടെ പന്തല്‍, കസേര, ലഘുഭക്ഷണം എന്നീ ചെലവുകള്‍ക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തണം. പ്രതിപക്ഷം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ തന്നെ പറഞ്ഞിരുന്നു. അത് ശരിവെച്ചുകൊണ്ട് മണ്ഡല സദസ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. കേരളീയം പരിപാടിയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. പരിപാടി രാഷ്ട്രീയ പ്രചാരണമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സംഘടിപ്പിക്കുന്ന മണ്ഡല സദസ് ധൂര്‍ത്താണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതീക്ഷിച്ച നിലപാട് ആണെങ്കിലും ബഹിഷ്‌കരണ നീക്കത്തെ വിമര്‍ശിക്കുകയാണ് സര്‍ക്കാര്‍. ചെലവ് സര്‍ക്കാരില്‍ നിന്നല്ലെന്ന് വ്യക്തമാക്കുമ്പോഴും മന്ത്രിമാരുടെ യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്കുളള പണം സര്‍ക്കാര്‍ തന്നെയാകും വഹിക്കേണ്ടി വരിക.