Kerala

നിയമസഭ കയ്യാങ്കളിക്കേസ്; വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫ്. ധര്‍ണ നാളെ

നിയമസഭ കയ്യാങ്കളിക്കേസില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന ധര്‍ണ നാളെ . കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ നിയോജക മണ്ഡലം തലത്തിലാണ് പ്രതിഷേധ ധര്‍ണ നടത്തുന്നതെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ 10- നായിരിക്കും ധർണ നടത്തുക തിരുവനന്തപുരം സെന്‍ട്രല്‍ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ ധര്‍ണ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. നേമത്തും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി കഴക്കൂട്ടത്തും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടിയൂര്‍ക്കാവിലും എം. എം. ഹസ്സന്‍ വിഴിഞ്ഞത്തും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യും.