Kerala

അനുനയ നീക്കവുമായി യുഡിഎഫ്: ജോസ് കെ മാണിയുമായി ലീഗ് ചര്‍ച്ച നടത്തും

ജോസ് വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വീണ്ടും മുന്നണിയിലെത്തിക്കാനുള്ള കരുനീക്കങ്ങള്‍ക്ക് നേതൃത്വം തുടക്കമിടുന്നത്.

ജോസ് കെ മാണിയുമായി അനുനയ ചര്‍ച്ചക്ക് യുഡിഎഫ് നീക്കം. മുസ്‌ലിം ലീഗിന്‍റെ മധ്യസ്ഥതയിലാകും ചര്‍ച്ചകള്‍. ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

ജോസ് വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജോസ് വിഭാഗത്തെ വീണ്ടും മുന്നണിയിലെത്തിക്കാനുള്ള കരുനീക്കങ്ങള്‍ക്ക് മുന്നണി നേതൃത്വം തുടക്കമിടുന്നത്. ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്.

ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ എന്നിവരാകും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക. ഫോണ്‍ വഴിയുള്ള അനൌദ്യോഗിക ചര്‍ച്ചകളാകും ആദ്യ ഘട്ടത്തില്‍. ജോസ് കെ മാണിയുടെ സമീപനമനുസരിച്ച് ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കും. വരുന്ന യുഡിഎഫ് യോഗം ജോസ് കെ മാണിയുമായുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. നാളെ ചേരാന്‍ തീരുമാനിച്ചിരുന്ന മുന്നണി യോഗം മാറ്റിയത് ഇക്കാര്യത്തില്‍ വ്യക്തത വരാത്തത് കൊണ്ടുകൂടിയാണെന്നാണ് സൂചന.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ജോസ് വിഭാഗത്തെ മുന്നണി യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും വോട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് മുന്നണിയല്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി വരുന്നത്. ഇതോടെ യുഡിഎഫ് നിലപാടിലും മാറ്റം വരുകയായിരുന്നു.