India Kerala

യു.എ.പി.എ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനള്ള പൊലീസ് നീക്കം വൈകുന്നു

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനള്ള പൊലീസ് നീക്കം വൈകുന്നു. പ്രതികളുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപിന്റെയും മൊബൈല്‍ ഫോണിന്റെയും ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചില്ല. ഇതോടെ പൊലീസിന്റെ കസ്റ്റഡി അപേക്ഷയും വൈകുകയാണ്. അതേസമയം ഈ വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണം നടത്തരുതെന്ന് പ്രാദേശിക ഘടകങ്ങള്‍ക്ക് സി.പി.എം ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കി.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലനെയും താഹയെയും കൈവിടാനുള്ള സി.പി.എം തീരുമാനം ഫലത്തില്‍ അനുഗ്രഹമായിരിക്കുന്നത് പൊലീസിനാണ്. മുഖ്യമന്ത്രി പോലീസിന് സംരക്ഷണ കവചം തീര്‍ത്തിരുന്നുവെങ്കിലും സി.പി.എം നേതാക്കളുള്‍പ്പെടെ നിരന്തരം വിമര്‍ശനമുന്നയിക്കുന്നത് പൊലീസിനെയും പ്രതിരോധത്തിലാക്കിയിരുന്നു. യു.എ.പി.എ വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന നിര്ദേശം പ്രാദേശിക നേതൃത്വത്തിന് സി.പി.എം ജില്ലാ നേതൃത്വം നല്‍കിയിട്ടുണ്ട്. പുതിയ പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ് പൊലീസ്. അലന്റെയും താഹയുടേയും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും ഫോറന്‍സിക് പരിശോധനക്കായി കണ്ണൂരിലെ ലാബിലേക്ക് അയച്ചിരുന്നു.കഴിഞ്ഞ ദിവസം പ്രാഥമിക റിപ്പോര്‍ട്ട് ലഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.എന്നാല്‍ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം മുന്നോട്ട് പോയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അലനും താഹയും അറസ്റ്റിലാകുന്ന സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന പറയുന്ന മൂന്നാമനു വേണ്ടി തെരെച്ചില്‍ ഊര്‍ജ്ജിതമാക്കിയതായാണ് പൊലീസ് പറയുന്നത്. അലനെയും താഹയേയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് പന്തീരങ്കാവിലും സമീപപ്രദേശങ്ങളിലും പോസ്റ്റര്‍ പതിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റര്‍ പതിച്ചവര്‍ക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്.