India Kerala

യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേറ്റു. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്‍റും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. കോളജിലെ യൂണിറ്റ് കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ തന്നെ അടച്ചുപൂട്ടി.

ഉമറും അഖില്‍ ചന്ദ്രനും അടക്കം ഒരു സംഘം വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാന്‍റീനില്‍ ഒത്തു ചേര്‍ന്ന് പാട്ടു പാടിയിരുന്നു. ഇത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തു. ഈ നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ തിരിഞ്ഞതോടെയാണ് ഇന്ന് കാമ്പസില്‍ സംഘര്‍ഷം ഉടലെടുത്തത്.

അഖിലിനെ കുത്തിയതിന്‍റെ പേരില്‍ വലിയ പ്രതിഷേധമാണ് നേതൃത്വത്തിനെതിരെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ എസ്.എഫ്.ഐക്കെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.‌ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ കോളജിലേക്ക് മടങ്ങിയെത്തിയതോടെ വീണ്ടും സംഘര്‍ഷമായി. പ്രതിഷേധക്കാര്‍ എസ്.എഫ്.ഐയുടെ ഫ്ലക്സ് നീക്കം ചെയ്തു.. മെയിന്‍ സ്റ്റേജില്‍ കയറി വിദ്യാര്‍ഥികളെ നേതാക്കള്‍ തള്ളി തറയിലിട്ടു. ഒന്നും അറിയില്ലെന്നായിരുന്നു ഈ സമയത്തും കോളജ് പ്രിന്‍സിപ്പാളിന്‍റെ പ്രതികരണം.

സംഘടിച്ചെത്തിയ എസ്.എഫ്.ഐ നേതാക്കള്‍ മാധ്യമങ്ങള്‍ക്കെതിരെയും തിരിഞ്ഞു. വിദ്യാര്‍ഥികളുടെ പ്രതിഷേധം കനത്തതോടെ എസ്.എഫ്.ഐ ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ടു. യൂനിവേഴ്സ്റ്റി കോളജിലെ യൂണിറ്റ് കമ്മിറ്റി ഓഫീസ് അടച്ചു പൂട്ടി. തിങ്കളാഴ്ച കോളജ് തുറക്കുമ്പോള്‍ ഇപ്പോഴുള്ള യൂണിറ്റ് കമ്മിറ്റി ഉണ്ടാവില്ല എന്ന ഉറപ്പിലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്.

വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യൂണിറ്റ് കമ്മിറ്റി സെക്രട്ടറി നസീം പ്രസിഡണ്ട് ശിവരഞ്ജിത് എന്നിവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നേരത്തെ പാളയത്ത് പൊലീസുകാരനെ അക്രമിച്ച കേസിലെ പ്രതിയാണ് നസീം. സംഘടനക്ക് വീഴ്ചപറ്റിയെന്ന് സംസ്ഥാന സെക്രട്ടറിയും പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ പ്രതിഷേധിച്ചു.

അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് അഞ്ചു പേരെ എസ്.എഫ്.ഐ സസ്‌പെന്‍ഡ് ചെയ്തു. നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അദ്വൈത്, ആരോമല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടേതാണ് നടപടി.

അഖിലിന് അടിയന്തര ശസ്ത്രക്രിയ

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും. അഖിലിന് ആന്തരിക രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.