Kerala

ചീരാലില്‍ ഭീതി പടര്‍ത്തിയ കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

വയനാട് ചീരാലില്‍ ഭീതി വിതച്ച കടുവ വനംവകുപ്പിന്റെ കെണിയിലായി. ചീരാല്‍ പഴൂര്‍ ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിലേറെയായി ജില്ലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. കടുവയെ പിടികൂടണമെന്ന ശക്തമായ ആവശ്യവുമായി ജനങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കടുവ കെണിയില്‍ കുടുങ്ങുന്നത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കെണിയിലാകുന്നത്. കടുവയെ ബത്തേരിയിലുള്ള കടുവ പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ചു. പുലര്‍ച്ചെയോടെ മറ്റൊരു വളര്‍ത്തുപശുവിനെ കൂടി കടുവ ആക്രമിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് കെണിയില്‍ കുടുങ്ങിയത്. ഒരുമാസത്തിനിടെ ഒന്‍പത് പശുക്കളാണ് ചീരാലില്‍ കടുവയുടെ അക്രമണത്തില്‍ കൊല്ലപെട്ടത്.

കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്ത് ഉള്‍പ്പടെ തുടര്‍ച്ചയായി കടുവയിറങ്ങുന്നുണ്ട്. ഗൂഡല്ലൂര്‍ ഭാഗത്തേക്കുള്ള റോഡാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഉപരോധിച്ചത്. നേരത്തെ തന്നെ ചീരാലില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.