Kerala

സുബൈർ വധക്കേസിൽ മൂന്ന് പേർ പിടിയിൽ

പാലക്കാട്ടെ എസ് ഡിപി ഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്ന് പേർ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരെന്ന് കരുതുന്നവരാണ് പിടിയിലായത്. പിടിയിലായവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.

സുബൈര്‍ വധക്കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന്റെ വഴിയേ പ്രതികളെകുറിച്ച് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ ശ്രീനിവാസന്‍ കൊലക്കേസില്‍ പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. നാല് ടീമുകളെയാണ് പ്രതികളെ പിടിക്കാനായി നിയോഗിച്ചിരിക്കുന്നത്. പ്രതികളെ വൈകാതെ പിടികൂടുമെന്നും എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു.

പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു.പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ.