Kerala

‘ഒറ്റ വിളിക്കപ്പുറമുണ്ടായിരുന്ന ലൈൻമാൻ രാജൻ, ഏറ്റവുമിഷ്ടപ്പെട്ട ഭക്ഷണമൊരുക്കിയ ഗീത,മേയ്ക്കപ്പ് അസിസ്റ്റന്റ് പ്രേമ’; ഉറ്റവർ കെപിഎസി ലളിതയെ ഓർമ്മിക്കുന്നു

എന്തിനും ഏതിനും ഒറ്റ വിളിക്കപ്പുറമുണ്ടായിരുന്ന ലൈൻമാൻ രാജൻ, ഏറ്റവുമിഷ്ടപ്പെട്ട ഭക്ഷണമൊരുക്കി കൊടുത്ത ​ഗീത, 13 കൊല്ലമായി ഒപ്പമുണ്ടായിരുന്ന മേയ്ക്കപ്പ് അസിസ്റ്റന്റ് പ്രേമ. വടക്കാഞ്ചേരിയിലെ ഉറ്റവർ കെപിഎസി ലളിതയെ ഓർമ്മിക്കുന്നു.

ഒറ്റ വിളിക്കപ്പുറമുണ്ടായിരുന്ന ലൈൻമാൻ രാജൻ

രാജൻ കെ എസ് ഇ ബിയിലെ ജീവനക്കാരനാണ്, ചേച്ചി എന്ത് കാര്യത്തിനും എന്നെ വിളിക്കാറുണ്ട്. രാജാ എനിക്ക് ഇങ്ങനെ കുറച്ച് സാധനങ്ങൾ വേണമെന്ന് പറയും. കറന്റ് ഇല്ലാത്തതിന് മാത്രമല്ല എന്ത് ആവശ്യത്തിനും ചേച്ചി വിളിക്കും. വീട്ടിൽ ആവശ്യമുള്ള കുറച്ച് കാര്യങ്ങൾ ചെയ്യാനായിട്ട് വിളിക്കും. ഏത് സമയത്ത് വിളിച്ചാലും ചേച്ചി ഫോൺ എടുക്കും. വീട്ടിലെ കാര്യങ്ങൾ പറയുകയും ഏൽപിച്ചു പോകുകയും ചെയ്യുമായിരുന്നു. രണ്ട് ദിവസം മുന്നേ സിദ്ധാർഥ്‌ വിളിച്ചിട്ടുണ്ടായിരുന്നു ചേട്ടാ വീട് നോക്കിക്കോണം ചെടികൾ നനയ്ക്കണമെന്ന് പറഞ്ഞു. അപ്പോഴേ വന്നു നനച്ചു. വലിയ വിഷമമുണ്ടെന്നും രാജൻ.

ഏറ്റവുമിഷ്ടപ്പെട്ട ഭക്ഷണമൊരുക്കി കൊടുത്ത ​ഗീത

എന്റെ ഭക്ഷണം ചേച്ചിക്ക് ഏറ്റവും ഇഷ്ടമായിരുന്നു. ലൊക്കേഷനിൽ പോയാലും എവിടെ പോയാലും ചേച്ചി അത് പറയും എന്റെ ഗീത ഉണ്ടാക്കുന്ന ഭക്ഷണമാണ് എനിക്ക് ഇഷ്ടം. മറ്റുള്ളവർ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണവും ചേച്ചിക്ക് പിടിക്കില്ല. ചെറിയ പ്രശ്നത്തിന്റെ പേരിൽ ഞാൻ പോയി എന്നിട്ടും പിന്നീട് ചേച്ചി വിളിച്ചപ്പോൾ തിരിച്ചുവന്നു. അവസാന നിമിഷങ്ങളിലും ചേച്ചി വിളിച്ചു എന്തായാലും ഗീത വരണം ഓണത്തിന് ആഹാരം വച്ചു ഞങ്ങൾ കഴിച്ചു അത് കഴിഞ്ഞ് ഡിസംബർ 31 നാണ് ഞാൻ ഇവിടുന്ന് പോയത്. പിന്നെ ചേച്ചി ഓർമയില്ലാതെയൊക്കെ ആയി ആളധികം സംസാരിക്കാതെയൊക്ക ആയി. ചേച്ചിയുടെ ഓർമ്മകൾ ഒരിക്കലും മരിക്കില്ലെന്നും ഗീത പ്രതികരിച്ചു

മേയ്ക്കപ്പ് അസിസ്റ്റന്റ് പ്രേമ

പതിമൂന്ന് വർഷമായി ചേച്ചിക്കൊപ്പം മേയ്ക്കപ്പ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു. കൊല്ലങ്കോട് ചേച്ചിയാണ് വീട് വച്ച് തന്നതും. പാല് കാച്ചിയതും ചേച്ചിയാണ്. ഈ വിയോഗം താങ്ങാൻ ആവുന്നില്ല ചേച്ചി ഇപ്പോഴും എനിക്കൊപ്പം ഉണ്ടാകും.

തൃപ്പൂണിത്തുറയിലുള്ള മകന്റെ ഫ്ലാറ്റിൽ വച്ച് ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാ​ഗമായി. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ. കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.