കോവിഡ് വാക്സിന്‍ സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. മുഖ്യമന്ത്രി ചട്ടം ലംഘിച്ചുവെന്ന പരാതി കിട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടി കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. എന്നാല്‍ പെരുമാറ്റ ചട്ടം ലംഘനമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കാട്ടി കെ.സി ജോസഫ് എം.എല്‍.എ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി തുടര്‍ച്ചയായി പറയുന്നു. അതിന് പിന്നാലെ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറയുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി
എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് കോവിഡ് ചികിത്സയുടെ ഭാഗമായ കാര്യങ്ങളാണെന്നും ചട്ടലംഘനമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.