Kerala

കോവിഡ് രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാമെന്ന് ആരോഗ്യവകുപ്പ്

കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാമെന്ന് ആരോഗ്യവകുപ്പ്. കോവിഡ് ബോർഡിന്‍റെ നിർദേശാനുസരണം സൂപ്രണ്ടുമാർ ക്രമീകരണം നടത്തണമെന്നാണ് നിര്‍ദേശം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന് മതിയായ പരിചരണം ലഭിക്കാത്തത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനകള്‍ കൂട്ടിരിപ്പുകാരെ അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി. ഇത് കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ തീരുമാനിച്ചത്. രോഗിയുടെ അവസ്ഥയും സഹായത്തിന്‍റെ ആവശ്യകതയും മനസിലാക്കി സൂപ്രണ്ടുമാർക്ക് കൂട്ടിരുപ്പുകാരെ അനുവദിക്കാം. കോവിഡ് ബോര്‍ഡ് ഇക്കാര്യം വിലയിരുത്തിയാണ് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം. കൂട്ടിരിക്കുന്നയാള്‍ ആരോഗ്യവാനായ വ്യക്തിയായിരിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കോവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കില്‍ നെഗറ്റീവായി ഒരു മാസം കഴിഞ്ഞവര്‍ക്കുമാകാം. ഇവര്‍ രേഖാമൂലമുള്ള സമ്മതം നല്‍കേണ്ടതാണ്. കൂട്ടിരിക്കുന്ന ആളിന് പിപിഇ കിറ്റ് അനുവദിക്കുന്നതായിരിക്കും. കൂട്ടിരിക്കുന്നയാള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കൂടാതെ കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട് . വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഒാഫീസര്‍മാരെയാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാരായി നിയോഗിച്ചിരിക്കുന്നത്. സ്ഥാപനങ്ങളിലടക്കം പരിശോധന നടത്തി കോവിഡ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സംഘം ഉറപ്പ് വരുത്തണം. സെക്ടറല്‍ മജിസ്ട്രേറ്റുമാരെ സഹായിക്കാന്‍ ഒപ്പം പോലീസിനെ അനുവദിക്കണമെന്ന് ഡിജിപി ലോക്‍നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.