Kerala

കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റുകളിൽ മൽസരിക്കാനൊരുങ്ങി കോൺഗ്രസ്

കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റുകളിൽ മൽസരിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇത്തവണ കൂടുതൽ ലഭിക്കണം എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ജോസഫ് വിഭാഗം വിട്ടുവീഴ്ചകൾക്ക് തയ്യാറാകും എന്നാണ് പ്രതീക്ഷയെന്നും തിരുവഞ്ചൂർ പറഞ്ഞു.

ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ട സാഹചര്യത്തിലാണ് കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകൾക്ക് പുറമെ രണ്ട് സീറ്റുകളിൽ കൂടി കോൺഗ്രസ് മത്സരിച്ചേക്കും. കൂടുതൽ സീറ്റുകളിൽ മൽസരിക്കുന്ന കാര്യം തിരുവഞ്ചൂർ തന്നെയാണ് തുറന്നു പറഞ്ഞത്.

ജോസഫ് വിഭാഗത്തിനും ഇക്കാര്യത്തിൽ എതിർപ്പ് ഉണ്ടാകില്ലെന്നണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടൽ. ചർച്ചകളിലൂടെ സീറ്റ് നേടി എടുക്കാൻ ആകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. കോട്ടയം, പുതുപ്പള്ളി, വൈക്കം എന്നീ സീറ്റുകളാണ് കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണ കാഞ്ഞിരപ്പള്ളി. ഏറ്റുമാനൂർ എന്നീ സീറ്റുകളും കൂടിയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

പി.ജെ ജോസഫ് വിഭാഗത്തിന് സിറ്റിംഗ് സീറ്റുകൾ ആയ ചങ്ങനാശേരി, കടുത്തുരുത്തി എന്നിവക്ക് പുറമേ പൂഞ്ഞാർ കൂടി നൽകിയേക്കും എന്നാണ് സൂചന. പാലായിൽ മാണി സി. കാപ്പനും.