India Kerala

ശബരിമല പ്രചരണ വിഷയം ആക്കുന്നതിനെതിരെ കമ്മീഷന്‍

ലോകസഭ തെരഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമാകുന്നതിയിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസർ. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തും. ക്രിമിനൽ കേസിലെ പ്രതികളായ സ്ഥാനാർത്ഥികൾ മാധ്യമങ്ങൾ വഴി മൂന്നു തവണ പരസ്യപ്പെടുത്തണമെന്നും ടിക്ക റാം മീണ അറിയിച്ചു.

ശബരിമല കോടതി വിധി വളച്ചൊടിക്കുന്നതും ദൈവത്തെയും മതത്തെയും പ്രചരണ ആയുധമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുമായി കമ്മീഷൻ ചർച്ച നടത്തുന്നുണ്ട്. ശബരിമല പ്രചാരണ വിഷയമാക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരിക എന്നതാണ് ഇതിലെ പ്രധാന അജൻഡ എന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥാനാർത്ഥികൾ അത് മറച്ച് വച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മൊത്തം 2 കോടി 54 ലക്ഷം വോട്ടർമാരാണുള്ളത്. 119 ട്രാൻസ് ജൻഡർ വോട്ടർമാരുണ്ട്. 700 ലധികം പ്രശ്ന ബാധിത ബൂത്തുകൾ ഉണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.