Kerala

പല കുടുംബങ്ങളും പട്ടിണിയില്‍‍: മലപ്പുറത്തെ ട്രിപ്പിൾ ലോക്ക്ഡൗണില്‍ ഇളവ്‌ വേണമെന്ന് ടി വി ഇബ്രാഹിം എംഎല്‍എ

ട്രിപ്പിൾ ലോക്ക്ഡൗൺ കാരണം മലപ്പുറം ജില്ലയിൽ സാധാരണക്കാര്‍ തീരാദുരിതം അനുഭവിക്കുകയാണെന്ന് ടി വി ഇബ്രാഹിം എംഎല്‍എ. പല കുടുംബങ്ങളും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമാണ്. ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങളോടെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. കാലവർഷവും ലോക്ഡൗണും ഒരുമിച്ച് എത്തിയതോടെ കര്‍ഷകര്‍ കനത്ത നഷ്ടം നേരിടുകയാണ്. കാര്‍ഷികോത്പന്നങ്ങള്‍ താങ്ങുവില നിശ്ചയിച്ച് സർക്കാർ സംഭരിക്കണം. ദൈനംദിന ജീവിതത്തിന് പ്രയാസപ്പെടുന്നവർക്ക് സഹായം നല്‍കുന്ന പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

ടി വി ഇബ്രാഹിം എംഎല്‍എയുടെ കുറിപ്പ് ട്രിപ്പിൾ ലോക്ക്ഡൗൺ കാരണം മലപ്പുറം ജില്ലയിൽ സാധാരണ ജനങ്ങൾ തീരാദുരിതം അനുഭവിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. കച്ചവട സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതിനാലും ദിവസക്കൂലിക്കാരായ തൊഴിലാളികൾ തൊഴിലെടുക്കാൻ കഴിയാതെയും തൊഴിൽ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ നിവൃത്തിയില്ലാതെയും ബുദ്ധിമുട്ടുകയാണ്. പല കുടുംബങ്ങളും അരപ്പട്ടിണിയിലും മുഴുപട്ടിണിയിലുമാണ്. ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങളോട് കൂടി തുറന്നു പ്രവർത്തിക്കാൻ സർക്കാർ ഭാഗത്ത് നിന്നും നിർദ്ദേശങ്ങൾ കൊടുക്കണം. കാലവർഷവും ലോക് ഡൗണും ഒരുമിച്ച് എത്തിയതോടെ കപ്പ, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നവർക്ക് വില തകർച്ചയും കനത്ത നഷ്ടവും ഉണ്ടായിട്ടുണ്ട്. ഇവ താങ്ങ് വില നിശ്ചയിച്ച് സർക്കാർ സംഭരിക്കണം.

ഇക്കാര്യത്തിലെല്ലാം സര്‍ക്കാറിന്‍റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണം. ദൈനംദിന ജീവിതത്തിന് പ്രയാസപ്പെടുന്നവർക്ക് സഹായം നല്‍കുന്ന പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണം.