തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്ന എന്‍.ഐ.എയുടെ വാദം കണക്കിലെടുത്താണ് കോടതി നടപടി.
കേസിൽ യുഎപിഎ വകുപ്പുകൾ നിലനില്‍ക്കുമോ എന്നതിന്‍റെ നിയമവശങ്ങൾ കോടതി പരിശോധിച്ചിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷ തകർക്കാനുള്ള ശ്രമം നടത്തിയതിനാൽ പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്നാണ് എന്‍.ഐ.എ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സ്വപ്നയുടെ വാദം.
അതേസമയം സ്വർണക്കടത്ത് കേസിൽ എന്‍.ഐ.എ സംഘം ദുബൈയിൽ എത്തിയതായാണ് വിവരം. എസ്.പി അടക്കം 2 പേർക്ക് ദുബൈ സന്ദർശിക്കാൻ ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു. ദുബൈയിലുള്ള മൂന്നാംപ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും. ഫൈസൽ ഫരീദിനെതിരെ ബ്ലു കോർണർ നോട്ടീസ് ഇറക്കിയിരുന്നു. തീവ്രവാദ ധനസഹായവുമായി കേസ് ബന്ധപ്പെട്ടിരിക്കുന്നു എന്ന് സംശയിക്കുന്ന എന്‍.ഐ.എ. നയതന്ത്ര ബാഗേജ് വഴി സ്വർണം വന്നത് എങ്ങനെ എന്നാണ് അന്വേഷിക്കുന്നത്.
എന്‍.ഐ.എ കേസിൽ പങ്കുള്ള അറ്റാഷെയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമോ എന്ന് വ്യക്തമല്ല. നേരിട്ട് എന്‍.ഐ.എക്ക് വിവര ശേഖരണം സാധ്യമല്ലാത്തതിനാൽ യുഎഇ അന്വേഷണ ഏജൻസികൾ വഴി വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമിച്ചേക്കും.