India Kerala

അതീതീവ്രമഴക്ക് ശമനം; മഴക്കെടുതിയില്‍ 3 മരണം, ആലപ്പുഴയിലും പത്തനംതിട്ടയിലും വെള്ളമിറങ്ങി

സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനം. മിക്കയിടത്തും ഒറ്റപ്പെട്ട മഴയാണ് ഇന്ന് അനുഭവപ്പെട്ടത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. മഴക്കെടുതിയില്‍ ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. ഡാം തുറക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വിവരം അറിയിക്കുമെന്ന് തേനി കലക്ടര്‍ അറിയിച്ചു

ഇന്നലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം കുറയുന്നതായാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ഇടുക്കിയില്‍ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണ്. അണക്കെട്ടില്‍ ജലനിരപ്പ് 136.25 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടുന്നത് മുന്നില്‍ കണ്ട് എല്ലാ മുന്‍കരുതലുകളും എടുത്തതായി ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ മീഡിയവണിനോട് പറഞ്ഞു.

പാലക്കാടും കോഴിക്കോടും ഉള്‍പ്പെടെ മിക്ക ജില്ലകളിലും ഇന്ന് മഴ ശക്തമല്ല. മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. മഴ വീണ്ടും കനക്കുകയാണെങ്കില്‍ മലമ്പുഴ, വാളയാര്‍, പോത്തുണ്ടി ഡാമുകള്‍ തുറക്കും. കക്കയം ഡാമിന്‍റെ രണ്ടു ഷട്ടറുകളും അടച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ മൂന്ന് പേര്‍ കൂടി സംസ്ഥാനത്ത് മരിച്ചു. ആലപ്പുഴ ചെറുതന പുത്തൻതുരുത്തിൽ വയോധികൻ ആറ്റിൽ വീണു മരിച്ചു. വർഗീസ് ആണ് മരിച്ചത്. കോട്ടയത്ത് രണ്ട് ദിവസം മുമ്പ് കാണാതായ പെരുമ്പായിക്കാട് വില്ലേജിൽ ആളൂർ വീട്ടിൽ സുധീഷ് (38), ആനിക്കൽ കുര്യൻ എബ്രഹാം എന്നിവരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ കോട്ടയ്ത്ത മാത്രം മരിച്ചവരുടെ എണ്ണം നാലായി.