India Kerala

കായികമേളക്കിടെ ഹാമര്‍ വീണ് തലക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

പാലായില്‍ നടന്ന ജൂനിയര്‍ അത് ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലക്ക് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീല്‍ ജോൺസനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

സംസ്ഥാന ജൂനിയർ അത് ലറ്റിക്ക് മീറ്റിനിടെ വളണ്ടിയറിയിരുന്ന അഫീൽ ജോൺസണ്‍, ഒക്ടോബർ 4ന് ആണ് പരിക്കേറ്റത്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അഫീൽ ജോൺസൻ.

സ്‌റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ മത്സരത്തിനുശേഷം ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനിടെയാണ് ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് നടന്നുകൊണ്ടിരുന്ന ഹാമർ ത്രോ പിറ്റിൽ നിന്നുള്ള ഹാമര്‍ തലയില്‍ വന്നു വീണത്. അഫീലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എങ്കിലും ആരോഗ്യനില ഗുരുതരമായി തുടര്‍ന്നു.