Kerala

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണി വരെ പ്രവര്‍ത്തിക്കും

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണിവരെ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം. വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് 19 പശ്ചാത്തലത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ചില മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകള്‍ക്ക് മരുന്നുകള്‍ നല്‍കി വരുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുള്ളതിനാല്‍ ഇത്തരം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.