Kerala

കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങിത്തുടങ്ങി

61-ാം സ്കൂൾ കലോത്സവത്തിന് കോഴിക്കോട് ഒരുങ്ങിത്തുടങ്ങി. പ്രചരണ വീഡിയോ പ്രകാശനം മന്ത്രിമാരായ മുഹമ്മദ് റിയാസും അഹമ്മദ് ദേവര്‍ കോവിലും ചേര്‍ന്ന് നിര്‍വഹിച്ചു. കോഴിക്കോടിന്റെ കലാപൈതൃകത്തെ തൊട്ടുണര്‍ത്തുന്നവിധമാണ് കലോത്സവ പരിപാടികള്‍ സംഘാടക സമിതി ഒരുക്കുന്നത്. കലവറ നിറയ്ക്കലും ആരംഭിച്ചു കഴിഞ്ഞു 

പുതുവത്സരത്തെ കോഴിക്കോട് ഇക്കുറി വരവേല്‍ക്കുക ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തോടെയാണ്. ജനുവരി മൂന്നിനാണ് സംസ്ഥാന കലോത്സവത്തിന് തിരശീല ഉയരുന്നത്. എന്നാല്‍ ഇപ്പോഴേ ഒരുക്കങ്ങള്‍ സജീവമാണ്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രമോ വീഡിയോ പ്രകാശന കര്‍മ്മം മന്ത്രിമാരായ മുഹമ്മദ് റിയാസും അഹമ്മദ് ദേവര്‍ കോവിലും ചേര്‍ന്ന് നിര്‍വഹിച്ചു.

ഭക്ഷണപ്രിയരുടെ നാട്ടിലേക്ക് വിരുന്നെത്തുന്ന കലാലോകത്തിന് വിരുന്നൊരുക്കാന്‍ കലവറയും തയ്യാറായി തുടങ്ങി. ഒന്നര ലക്ഷം പേര്‍ക്ക് ഭക്ഷണം ഒരുക്കുന്നത്. ഇക്കുറിയും പഴയിടം നമ്പൂതിരിക്കാണ് പാചക ചുമതല. ഇതിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചേനപ്പായസമാണ് ഇത്തവണത്തെ സ്‌പെഷല്‍.

സാഹിത്യനഗിരിയിലെത്തുന്ന വിശിഷ്ഠാതിഥികളെ അക്ഷരോപഹാരം നല്‍കി സ്വീകരിക്കും. 61 സാഹിത്യകാരന്‍മാര്‍ കയ്യൊപ്പിട്ടു നല്‍കിയ പുസ്തകമാണ് ഉപഹാരമായി നല്‍കുക. അക്ഷരോപഹാരത്തിലേക്കുള്ള ആദ്യപുസ്തകം എം.ടി.വാസുദേവന്‍ നായരില്‍ നിന്ന് മന്ത്രി കെ.രാജന്‍ ഏറ്റുവാങ്ങി.