India Kerala

പ്രതിഷേധമിരമ്പി തെക്കന്‍ കേരളം; വിവിധയിടങ്ങളില്‍ കര്‍ണാടക ബസുകള്‍ തടഞ്ഞു

പൌരത്വ ഭേദഗതി ബില്ലിനെതിരെ തെക്കന്‍ കേരളത്തില്‍ നിലക്കാത്ത പ്രതിഷേധം. പല സ്ഥലങ്ങളിലും നടന്ന രാത്രി സമരങ്ങളില്‍ സ്ത്രീകളടക്കം പങ്കു ചേര്‍ന്നു. കര്‍ണാടക ബസുകള്‍ തടഞ്ഞും വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നു.

രാത്രിയും പകലുമെന്നില്ലാതെ പൌരത്വ ഭേദഗതി ബില്ലിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്ന കാഴ്ചയാണ് എങ്ങും കാണാനുണ്ടായിരുന്നത്. രാത്രി സമരങ്ങളിലടക്കം സ്ത്രീകളുടെ സാന്നിധ്യവും ശ്രദ്ധേയമായി. കൊല്ലം ആയൂരിൽ എം.സി റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിക്കാനുള്ള യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരുടെ നീക്കം ലാത്തിച്ചാർജില്‍ കലാശിച്ചു.

തിരുവനന്തപുരത്തും കൊല്ലത്തും കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ തടഞ്ഞ് പ്രതിഷേധിച്ചു. തിരുവനന്തപരുത്ത് കെ.എസ്.യു, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും കൊല്ലത്ത് എസ് എഫ് ഐ പ്രവര്‍ത്തകരും സമരത്തിന് നേതൃത്വം നല്‍കി.

പേരൂര്‍ക്കടയില്‍ കെ.എസ്.യു പ്രവര്‍വത്തകര്‍ വി.എസ്.എസ്.സി വാഹനങ്ങള്‍ തടഞ്ഞു. കരുനാഗപ്പള്ളിയിൽ എഐവൈഎഫ് റോഡ് ഉപരോധിച്ചു. ഇന്നലെ ജുമാ നമസ്കാരാനന്തരം നടന്ന പ്രതിഷേധങ്ങളിലും ആയിരങ്ങള്‍ പങ്കെടുത്തു.