പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ മുങ്ങി ഉത്തര്‍പ്രദേശ്. കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി. കാണ്‍പൂര്‍, ഫിറോസാബാദ്, ബിജ്നോര്‍, സമ്പാല്‍ എന്നിവിടങ്ങളിലായി 6 പേര് കൊല്ലപ്പെട്ടു. കാണ്‍പൂരില്‍ പൊലീസ് വെടിവെപ്പില്‍ 7 പേര്‍ക്ക് പരിക്കേറ്റു. ബീഹാറില്‍ ആര്.ജെ.ഡി ഇന്ന് ബന്ദ് ആചരിക്കും.
അത്യന്തം ഭീകരമാണ് ഉത്തര്‍പ്രദേശിലെ അന്തരീക്ഷം. സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ്- എസ്.എം.എസ് സേവനങ്ങള്‍ റദ്ദാക്കി. അതിനാല്‍ വൈകിയതും അപൂര്‍ണവുമായ പ്രതിഷേധ ചിത്രമാണ് യു.പിയില്‍ നിന്നും വരുന്നത്. ബിജ്നോറില് 2 പേരും കാന്‍പൂര്‍, ഫിറോസാബാദ്, ബിജ്നോര്‍, സമ്പാല്‍, മീററ്റ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ലഖ്നൌവില് കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു.
മരണങ്ങള് സംഭവിച്ചത് സംഘര്‍ഷത്തിലാണോ വെടിവെപ്പിലാണോ എന്ന് വ്യക്തമല്ല. കാണ്‍പൂരില്‍ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ 7 പേരില്‍ 3 പേര് ഗുരുതരാവസ്ഥയിലാണ്. 20 ഇടത്ത് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പലയിടത്തും ശക്തമായ കല്ലേറുണ്ടായി. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. പൊലീസ് പല തവണ ലാത്തി ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ഗുജറാത്തിലെ അഹമ്മദാഹാദിലും ശക്തമായ കല്ലേറുണ്ടായി. മധ്യപ്രദേശില്‍ 44 ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്.