India Kerala

കേരള കോണ്‍ഗ്രസ് വിട്ട് മുന്നണിയില്‍ തുടരുമെന്ന സൂചന നല്‍കി പി.ജെ ജോസഫ്

കേരള കോണ്‍ഗ്രസ് വിട്ട് മുന്നണിയില്‍ തുടരുമെന്ന സൂചന നല്‍കി പി.ജെ ജോസഫ്. ജോസഫ് ഗ്രൂപ്പ് പുനരുജ്ജീപ്പിക്കേണ്ടി വന്നാല്‍ പിന്തുണ നല്‍കണമെന്ന് പി.ജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അങ്ങനെ വന്നാല്‍ ഉണ്ടാകുന്ന കൂറുമാറ്റ കുരുക്ക് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് കെ.എം മാണിയില്‍ സമ്മര്‍ദം ചെലുത്തണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.

മാണി എല്‍.ഡി.എഫിലേക്ക് പോകുന്നത് ‍ തടഞ്ഞതിലുള്ള പ്രതിഷേധ നടപടിയായാണ് കോട്ടയം സീറ്റ് നിഷേധിച്ചതെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. കോട്ടയം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ച് ഇടുക്കി സീറ്റ് അനുവദിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

അതേസമയം കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മറ്റ് ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും തീരുമാനം. കന്‍റോണ്‍മെന്‍റ് ഹൌസില്‍ ജോസഫുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. പ്രശ്നങ്ങള്‍ യു.ഡി.എഫ് നേതൃത്വം പരിഹരിക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. കോട്ടയത്ത് തോറ്റാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ചര്‍ച്ചക്ക് ശേഷം ജോസഫ് പ്രതികരിച്ചു.