Kerala

എംഎൽഎമാരെ പണം കൊടുത്ത് വാങ്ങുമ്പോൾ ജി.എസ്.ടി ചുമത്തിക്കൂടെ? വരുമാനമാകുമല്ലോ.. കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂർ

ഇന്ധനവില വൻതോതിൽ വർധിപ്പിക്കുന്നതിന് പകരം വരുമാനം കണ്ടെത്താൻ ഈ വഴി സ്വീകരിച്ചാൽ പോരെയെന്നും തരൂർ

മോദി സർക്കാറിനെ പരിഹസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. എംഎൽഎമാരെ പണം നൽകി ചാക്കിട്ടുപിടിക്കുന്നതിന് ജി.എസ്.ടി ചുമത്തിയാൽ സർക്കാർ ഖജനാവിലേക്ക് വരുമാനമാകുമല്ലോ എന്നാണ് ശശി തരൂരിൻ്റെ ചോദ്യം. ഇന്ധനവില വൻതോതിൽ വർധിപ്പിക്കുന്നതിന് പകരം വരുമാനം കണ്ടെത്താൻ ഈ വഴി സ്വീകരിച്ചാൽ പോരെയെന്നും ഫേസ് ബുക്ക് കുറിപ്പിൽ തരൂർ പരിഹസിച്ചു.

‘സർക്കാർ വരുമാനത്തിനായി വളരെയധികം ആഗ്രഹിക്കുന്നുവെങ്കിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ നികുതി ചുമത്തുന്നതിന് പകരം, എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനുള്ള തുക ഉയരുന്നതിനാൽ അതിന് ജിഎസ്ടി ചുമത്തി കൂടുതൽ പണം കണ്ടെത്തിക്കൂടെ?’

രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാൻ ബിജെപി നേതാക്കൾ പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തരൂരിൻ്റെ പരിഹാസം.