India Kerala

ഷാർജ ടു ഇന്ത്യ-ഇന്ത്യ ടു ഷാർജ; ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം വിമാനത്താവളം വഴി

ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ഷാർജയിലേക്കും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെ ഷാർജ തിരുവനന്തപുരം റൂട്ടിൽ യാത്ര ചെയ്തത് 1.16 ലക്ഷം ആളുകളെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഒന്നാമത് എത്തിയത്. മൂന്ന് മാസത്തിനിടെ യു എ ഇയിലെ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾ. കുറഞ്ഞ നിരക്കും എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയുമാണ് തിരുവനന്തപുരം ഷാർജ റൂട്ട് യാത്രക്കാരുടെ പ്രിയപ്പെട്ടതായത്.ഒരു മാസം ശരാശരി 39000 പേരാണ് നിലവിൽ തിരുവനന്തപുരം-ഷാർജ റൂട്ടിൽ യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10 ശതമാനമാണ് വർധന. എയർ അറേബ്യ പ്രതിദിനം 2 സർവീസുകളും എയർ ഇന്ത്യ എക്‌സ്പ്രസ്സും ഇൻഡിഗോയും ഓരോ സർവീസുകൾ വീതവും ഈ റൂട്ടിൽ നടത്തുന്നുണ്ട്. 88689 യാത്രക്കാരുമായി നെടുമ്പാശ്ശേരി വിമാനത്താവളവും, 77859 യാത്രക്കാരുമായി ഡൽഹി വിമാനത്താവളവുമാണ് രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്.