നവകേരളയാത്രക്കിടെ ഇടുക്കിയില്‍ മാധ്യമ പ്രവര്‍ത്തകന് മര്‍ദനം. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചത്. മംഗളം ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ അടിമാലിക്കാണ് മര്‍ദനമേറ്റത്.ഉടുമ്പന്‍ചോല മണ്ഡലത്തിലെ നവകേരള സദസ് വേദിയിലായിരുന്നു സംഭവം. വാഹനത്തില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ എം.എം.മണി എം.എല്‍.എ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്ന ചിത്രം പകര്‍ത്തുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് പ്രകോപനമെന്തെന്ന് വ്യക്തമാകുന്നതിന് മുന്‍പ് അപ്രതീക്ഷിതമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകന്റെ കഴുത്തിന് കയറി പിടിക്കുകയായിരുന്നു. മന്ത്രിമാരടക്കം ഒന്നും ചെയ്യരുതെന്ന് പറഞ്ഞിട്ടും സുരക്ഷാ ഉദ്യോഗസ്ഥന്‍ വിടാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. എന്തിനാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്നെ കയ്യേറ്റം ചെയ്തതെന്ന് അറിയില്ലെന്ന് എയ്ഞ്ചല്‍ അടിമാലി ട്വന്റിഫോറിനോട് പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെ മര്‍ദിക്കുന്നത് കണ്ട് മന്ത്രി റോഷി അഗസ്റ്റിന്‍ തടയാന്‍ ശ്രമിച്ചെന്നും എയ്ഞ്ചല്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന വഴിയ്ക്ക് സമീപം നിന്ന് ഫോട്ടോയെടുത്തപ്പോള്‍ ആദ്യം ഉദ്യോഗസ്ഥന്‍ മാറി നില്‍ക്കാന്‍ പറഞ്ഞെന്നും പിന്നീട് പിടിച്ചുതള്ളിയെന്നും പുറത്തെത്തിയ ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍ വച്ചാണ് സംഭവം നടന്നത്.സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഇടുക്കി ജില്ലാ ഘടകം പ്രതിഷേധിച്ചു. എല്‍ ഡി എഫ് ജില്ലാ നേതൃത്വത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ക്ഷണപ്രകാരമാണ് നവകേരള സദസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മാധ്യമ സംഘം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പത്ര ഫോട്ടോഗ്രാഫറാണെന്ന് അറിയാതെ അല്ല സുരക്ഷ ഉദ്യോഗസ്ഥന്‍ എയ്ഞ്ചല്‍ അടിമാലിയെ മര്‍ദിച്ചത്. തൊടുപുഴയിലും ചെറുതോണിയിലും അടിമാലിയിലും എയ്ഞ്ചല്‍ മുഖ്യമന്ത്രിയുടെ അടക്കം ചിത്രങ്ങള്‍ വേദിയില്‍ കയറി പകര്‍ത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. ഈ ഉദ്യോഗസ്ഥന്‍ മനപൂര്‍വം പ്രകോപനം ഉണ്ടാക്കുകയായിരുന്നു എന്നത് വ്യക്തമാണ്. മന്ത്രിമാരും എം എം മണി എം എല്‍ എയും സി വി വര്‍ഗീസും അടക്കമുളള സി പി എം നേതാക്കളും ഇടപെട്ടിട്ടും ഇയാള്‍ അതിക്രമം തുടരുകയായിരുന്നു. ഇയാളെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായും സ്വതന്ത്രമായും ജോലി ചെയ്യാനുളള അവസരം ഒരുക്കണമെന്നും ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജും സെക്രട്ടറി ജെയ്‌സ് വാട്ടപ്പിളളിലും ആവശ്യപ്പെട്ടു.
![](https://i0.wp.com/malayalees.ch/wp-content/uploads/2023/12/security-officer-beat-press-photographer-at-Navakerala-sadas-Idukki.jpg?resize=1200%2C642&ssl=1)