സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ജൂൺ മൂന്നിന് തുറക്കും. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ ഒരു ദിവസമാണ് ആരംഭിക്കുന്നത്. ഈ വർഷത്തെ പ്രവേശനോത്സവം ആവേശകരമാക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങൾക്ക് തുടക്കമിടുന്ന അധ്യയന വർഷമാക്കി മാറ്റുന്ന തിരക്കിലാണ് വിദ്യാഭ്യാസ വകുപ്പ്. ആദ്യപടിയെന്ന നിലയിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് ഒരേ ദിവസം അധ്യയനം തുടങ്ങുകയാണ്.
ജൂൺ മൂന്നിന് സ്കൂൾ ക്ലാസുകൾ തുടങ്ങുന്നതിനൊപ്പം പതിനൊന്നാം ക്ലാസ് തുടങ്ങുന്നതിനായ് ഹയർ സെക്കണ്ടറി പ്രവേശന നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. പുതിയ അധ്യായന വർഷാരംഭത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയും വിദ്യാർഥി സൗഹൃദ അന്തരീക്ഷവും ഇരുനൂറിലേറെ അധ്യായന ദിവസങ്ങളും ഉറപ്പാക്കി കൊണ്ടാണ് അധ്യയനത്തിന് തുടക്കമിടുന്നത്.
ഈദുൽ ഫിത്ര് പ്രമാണിച്ച് സ്കൂൾ തുറക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യമുയർന്നിരുന്നുവെങ്കിലും നേരത്തേനിശ്ചയിച്ച തീയതിയിൽ മാറ്റം വേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. പ്രവേശനോത്സവം ഇക്കുറിയും ആഘോഷപൂർവം നടത്താനാണ് തീരുമാനം.തൃശൂർ ചെമ്പൂച്ചിറ ഗവ.ഹൈസ്കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം നടക്കുക.