Gulf Kerala

സൗദിയിൽ മലയാളം ഉൾപ്പെടെ നാല് ഭാഷകളിലുള്ള റേഡിയോയ്ക്ക് അനുമതി

സൗദിയിൽ വിദേശ ഭാഷകളിലുള്ള എഫ്.എം റേഡിയോക്ക് അനുമതി. മലയാളം ഉൾപ്പെടെ നാല് ഭാഷകളിലുള്ള റേഡിയോ പ്രക്ഷേപണം അടുത്ത ജൂലായിൽ ആരംഭിക്കും. മലയാളി വ്യവസായിക്കാണ് വിദേശ ഭാഷകളിലെ എഫ്.എം റേഡിയോയുടെ പ്രഥമ ലൈസൻസ് ലഭിച്ചത്. 

സൗദിയിൽ ആദ്യമായാണ് വിദേശ ഭാഷകളിലുള്ള എഫ്.എം റേഡിയോക്കു അനുമതി ലഭിക്കുന്നത്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഫിലിപ്പിനോ ഭാഷകളിലെ റേഡിയോ അടുത്ത ജൂലായിൽ പ്രക്ഷേപണം ആരംഭിക്കും.

ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാപിറ്റൽ റേഡിയോ നെറ്റ്വർക്ക് ആണ് ഈ സംരംഭത്തിന് പിന്നിൽ. ജിദ്ദ, റിയാദ്, ദമാം നഗരങ്ങൾ കേന്ദ്രീകരിച്ചാകും എഫ്.എം റേഡിയോ പ്രവർത്തിക്കുക. മലയാളി വ്യവസായിയും ക്ലസ്റ്റർ അറേബ്യ സി.ഇ.ഓയുമായ റഹീം പട്രക്കടവനു കീഴിലാണ് ക്യാപിറ്റൽ റേഡിയോ നെറ്റ്വർക്ക് പ്രവർത്തിക്കുന്നത്. എഫ്.എം സ്റ്റേഷൻറെ ലോഗോ കഴിഞ്ഞ ദിവസം ജിദ്ദയിൽ പ്രകാശനം ചെയ്തു. വാർത്തകളും വിനോദ പരിപാടികളും ഉണ്ടാകുമെന്ന് മാനേജ്‌മെൻറ് അറിയിച്ചു.