India Kerala

ശബരിമലയില്‍ വൻഭക്തജന തിരക്ക്; തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം ഏർപ്പെടുത്തി

ശബരിമലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നാലു മണിക്കൂര്‍ നേരം തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം നടപ്പാക്കി. ഭക്തജന തിരക്ക് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് തിരുപ്പതി മാതൃകയിലുള്ള ക്യൂ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലുള്ള ആറ് ക്യു കോംപ്ലക്‌സുകള്‍ ആണ് ക്യൂ സംവിധാനത്തിനായി ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കോംപ്ലക്‌സുകളിലേക്ക് എത്തുന്ന ഭക്തരെ സന്നിധാനത്ത് നിന്നും കിട്ടുന്ന നിര്‍ദ്ദേശാനുസരണം മാത്രമേ പുറത്ത് കടത്തുകയുള്ളൂ. ഈ പരീക്ഷണം വിജയമായിരുന്നു എന്നും, തിരക്ക് വലിയ തോതില്‍ നിയന്ത്രിക്കാന്‍ സാധിച്ചെന്നും ശബരിമല ദേവസ്വം അറിയിച്ചു. തുടര്‍ന്നും തിരക്കേറുമ്പോള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് അധികൃതര്‍ പറയുന്നു.

ദിവസവും ഓണ്‍ലൈന്‍ വഴി 85,000ത്തിലധികം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്യുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ പ്രതിദിനം 80,000 ത്തോളം പേര്‍ സന്നിധാനത്ത് എത്തുകയും അയ്യപ്പനെ ദര്‍ശിക്കുകയും ചെയ്തു. ഇന്ന് ദര്‍ശനത്തിനായി 89,996 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചത്തേക്ക് ഇതിനോടകം 60,000 പേരും ബുക്ക് ചെയ്തിട്ടുണ്ട്.

തിരുപ്പതി മോഡല്‍ ക്യൂ

തിരുപ്പതി ക്ഷേത്രത്തിന് പുറത്തേക്ക് ഭക്തരുടെ ക്യൂ നീണ്ടതിനെ തുടര്‍ന്ന്, 1970 കളില്‍ ആണ് വൈകുണ്ഠം ക്യൂ കോംപ്ലക്‌സ് എന്നറിയപ്പെടുന്ന സംവിധാനം നിലവില്‍ വന്നത്. ഒരേസമയം 14,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് ഈ ക്യൂ കോംപ്ലക്‌സുകള്‍. ക്യൂവില്‍ പ്രവേശിക്കുന്ന ഭക്തര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ക്കും, വിശ്രമത്തിനും ഉള്ള സൗകര്യം അതിനുള്ളില്‍ തന്നെ ലഭ്യമാണ്. സെക്യൂരിറ്റി ക്യാമറകള്‍ അടക്കമുള്ള സുരക്ഷാ മുന്നൊരുക്കങ്ങളും ഇവിടെയുണ്ട്.